മെല്‍ബണ്‍ സുപ്രീം കോടതിയില്‍ കേസില്‍ വാദം കേട്ട ജൂറിയാണ് ഇരുവരെയും കുറ്റക്കാരെന്ന് വിധിച്ചത്.
33 കാരനായ സാം എബ്രഹാമിനെ ഭാര്യ സോഫിയ സാമും കാമുകനായ അരുണ്‍ കമലാസനനും ചേര്‍ന്ന് സയനൈഡ് കൊടുത്ത് കൊലപ്പെടുത്തി എന്ന കേസില്‍ 14 ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ജൂറി വിധി പറഞ്ഞത്.
കേസിലെ വിചാരണ കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു.
ഇരുവര്‍ക്കുമെതിരെയുള്ള കൊലപാതകക്കുറ്റം നിലനില്‍ക്കുന്നു എന്നാണ് തെളിവുകള്‍ പരിശോധിച്ച ശേഷം ജൂറി വിധി പറഞ്ഞത്.
രണ്ടു പ്രതികള്‍ക്കും എതിരെയുള്ള ശിക്ഷ തീരുമാനിക്കുന്നതിനായി മാര്‍ച്ച് 21 ന് കോടതി വീണ്ടും വാദം കേള്‍ക്കും.
ജൂറി വിധി പറയുമ്പോള്‍ അരുണും സോഫിയയും കോടതിയില്‍ ഹാജരായിരുന്നു. വികാര രഹിതനായാണ് അരുണ്‍ ജൂറിയുടെ വിധി കേട്ടത്.
എന്നാല്‍ വിധി കേട്ടപ്പോഴും, തുടര്‍ന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും സോഫിയ വിതുമ്പുന്നുണ്ടായിരുന്നു.
'പ്രതികള്‍ ഒരുമിച്ച് ജീവിക്കാന്‍ കൊലനടത്തി'
പരസ്പരം പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
അവക്കാഡോ ജ്യൂസില്‍ മയക്കുമരുന്ന് കൊടുത്ത് മയക്കി കിടത്തിയ ശേഷം, ഓറഞ്ച് ജ്യൂസില്‍ കലര്‍ത്തിയ സയനൈഡ് വായിലേക്ക് ഒഴിച്ചുകൊടുത്താണ് കൊലപാതം നടത്തിയതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
സാമും സോഫിയയും ആറു വയസുകാരനായ മകനും ഒരുമിച്ച് കിടന്ന കട്ടിലില്‍ വച്ചാണ് അരുണ്‍ കമലാസനന്‍ സയനൈഡ് നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ഇക്കാര്യങ്ങള്‍ രഹസ്യാന്വേഷണ പൊലീസുദ്യോഗസ്ഥരോട് അരുണ്‍ തുറന്നു സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങളും തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇത്തരം തെളിവുകള്‍ കണക്കിലെടുത്താണ് ഇരു പ്രതികളും കുറ്രക്കാരാണെന്ന് ജൂറി വിധിച്ചത്.
പ്രണയത്തിന് തെളിവുകള്‍
സോഫിയയും അരുണും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ നിരവധി തെളിവുകളായിരുന്നു പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
ഇരുവരുടെയും ഡയറിക്കുറിപ്പുകളായിരുന്നു ഇതില്‍ പ്രധാനം. പരസ്പരം ഉള്ള പ്രണയം വ്യക്തമാക്കുന്ന തരത്തില്‍ നിരവധി വാചകങ്ങള്‍ ഇവരുടെ ഡയറിയില്‍ ഉണ്ടായിരുന്നു.
കൊലപാതകത്തിന് മുമ്പ് ഇരുവരും സംയുക്തമായി ബാങ്ക് അക്കൗണ്ട് തുടങ്ങിയതും, അരുണിന്റെ അക്കൗണ്ട് ഉപയോഗിച്ച് സോഫിയ നാട്ടിലേക്ക് പണമയച്ചതുമെല്ലാം തെളിവുകളായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
സാമിന്റെ മരണത്തിനു ശേഷം ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്നതും, വീട്ടിലേക്ക് പോകുന്നതുമെല്ലാം രഹസ്യാന്വേഷണ പൊലീസുദ്യോഗസ്ഥര്‍ നിരീക്ഷിച്ചിരുന്നു. ഇതിന്റെ സി സി ടി വി ദൃശ്യങ്ങളും കോടതി പരിശോധിച്ചു.
സാമിന്റെ പേരിലുള്ള കാര്‍ സോഫിയ പിന്നീട് അരുണ്‍ കമലാസനന്‌റെ പേരിലേക്ക് മാറ്റുകയും ചെയ്തു.
പങ്ക് നിഷേധിച്ച് പ്രതികള്‍
കേസിലെ പങ്കാളിത്തം ഇരുവരും കോടതിയില്‍ നിഷേധിച്ചിരുന്നു.
ആത്മഹത്യ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പൊലീസ് പരിശോധിച്ചില്ലെന്നും, രഹസ്യമായി ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നുമായിരുന്നു അരുണിന്റെ വാദം.
മരണം കൊലപാതകമാകാം എന്ന നിലപാടെടുത്ത സോഫിയയുടെ അഭിഭാഷകര്‍, എന്നാല്‍ സോഫിയയ്ക്ക് അതില്‍ പങ്കില്ല എന്നാണ് വാദിച്ചത്.
രഹസ്യമായ അന്വേഷണം
2015 ഒക്ടോബറിലായിരുന്നു സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിംഗിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മുലമുള്ള മരണം എന്നായിരുന്നു ആദ്യം കരുതിയത്.
കേരളത്തില്‍ കൊണ്ടുപോയി സാമിന്റെ മരണാന്തര ചടങ്ങുകള്‍ നടത്തുകുയം ചെയ്തിരുന്നു.
എന്നാല്‍ സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണമെന്ന് തെളിഞ്ഞതോടെ പൊലീസ് രഹസ്യമായി അന്വേഷണം തുടങ്ങുകയും സോഫിയയുടെയും തുടര്‍ന്ന് അരുണിന്റെയും നീക്കങ്ങള്‍ നിരീക്ഷിക്കുകയുമായിരുന്നു.
Watch Video: Details of Trial
More to come...