സാം വധക്കേസ്: കുറ്റം സമ്മതിക്കുന്നില്ലെന്ന് സോഫിയയും അരുണും; വിചാരണ സുപ്രീം കോടതിയിൽ

മെൽബണിൽ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസിൽ സാമിന്റെ ഭാര്യ സോഫിയയും സുഹൃത്ത് അരുൺ കമലാസനനും കോടതിയിൽ കുറ്റം നിഷേധിച്ചു. കുറ്റസമ്മതം നടത്തുന്നുണ്ടോ എന്ന മെൽബൺ മജിസ്ട്രേറ്റ് കോടതിയുടെ ചോദ്യത്തിനാണ് ഇരുവരും ഇല്ല എന്ന് ഉത്തരം നൽകിയത്. കേസിൽ വിചാരണ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ സുപ്രീം കോടതി നാളെ പരിശോധിക്കും.

Sam abraham

Source: Supplied

സാം  വധക്കേസിലെ പ്രാരംഭവാദത്തിന്റെ രണ്ടാം ദിവസമായ ഇന്ന്, കേസിലെ തെളിവുകളെക്കുറിച്ച് പ്രധാന സാക്ഷികളുടെ ക്രോസ് വിസ്താരം കഴിഞ്ഞ ശേഷമാണ് കുറ്റസമ്മതമൊഴി നടത്താൻ ഇരുവർക്കും കോടതി അവസരം നൽകിയത്. 

സാം എബ്രഹാമിനെ കിടപ്പറയിൽ വച്ച് ഓറഞ്ച് ജ്യൂസിൽ സയനൈഡ് കലർത്തിക്കൊടുത്ത് കൊലപ്പെടുത്തി എന്ന കുറ്റമാണ് ഇരുവർക്കും മേൽ ചുമത്തിയിരിക്കുന്നത്. സംഭവത്തിന് മൂന്നു മാസം മുന്പ് സാമിനെ വധിക്കാൻ ശ്രമിച്ചതിന് മറ്റൊരു വധശ്രമക്കേസ് കൂടി അരുൺ കമലാസനനു മേൽ ചുമത്തിയിട്ടുണ്ട്. 

ഈ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷമാണ് ആദ്യം സോഫിയയോടും അതിനു ശേഷം അരുണിനോടും കുറ്റം സമ്മതിക്കുന്നുണ്ടോ എന്ന് മജിസ്ട്രേറ്റ് ചോദിച്ചത്. 

പ്രതിക്കൂട്ടിനകത്ത് എഴുന്നേറ്റു നിന്ന സോഫിയ കരഞ്ഞുകൊണ്ടായിരുന്നു കുറ്റം നിഷേധിച്ചത്. എന്നാൽ ശാന്തനായിട്ടായിരുന്നു അരുൺ കമലാസനൻറെ മറുപടി. 

തുടർന്ന്, കേസ് വിചാരണനടപടികൾക്കായി സുപ്രീം കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിചാരണയുടെ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വിക്ടോറിയ സുപ്രീം കോടതി ബുധാഴ്ച കേസ് പരിഗണിക്കും. 

കേസിലെ ടോക്സിക്കോളജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്തിയ ടോക്സിക്കോളജി വിദഗ്ധനെ പ്രതികളുടെ അഭിഭാഷകർ ഇന്ന് ക്രോസ് വിസ്താരം നടത്തിയിരുന്നു .

സാമിന്റെ ശരീരത്തിൽ സൈനയ്‌ഡിന്റെ അംശം കണ്ടെത്തി എന്നായിരുന്നു വിദഗ്ധൻ നൽകിയ വിശദീകരണം. മാത്രമല്ല, ഒരു ലിറ്ററിൽ 35 മില്ലിഗ്രാം എന്ന കണക്കിനുള്ള സയനൈഡിന്റെ അംശം സാമിന്റെ ശരീരത്തിൽ കണ്ടെത്തിയതായി ടോക്സിക്കോളജിസ്റ് കോടതിയോട് പറഞ്ഞു. 

സാമിന്റെ രക്തത്തിലും ലിവറിലും സയനൈഡിന്റെ അംശം കണ്ടെത്തിയതായും ഇദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ ഇത് എങ്ങനെ ശരീരത്തിൽ പ്രവേശിച്ചു എന്ന ചോദ്യത്തിന് ഇത്ര അധികം അംശം ശരീരത്തിൽ കണ്ടെത്തിയതുകൊണ്ടുതന്നെ  ഇത് ശ്വസിച്ചതല്ല  മറിച്ച് വായിലൂടെ  ആകാം ശരീരത്തിനുള്ളിൽ പ്രവേശിച്ചത് എന്നാണ് വിദഗ്ധന്റെ മറുപടി. 

2015 ഒക്ടോബറിലാണ് മെൽബണിലെ എപ്പിങ്ങിലുള്ള വീട്ടിൽ വച്ച് സാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സാമിന്റെ ഭാര്യ സോഫിയയെയും സുഹൃത്ത് അരുൺ കമലാസനനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് ലൈക് ചെയ്യുക




Share

Published

Updated

By Salvi Manish


Share this with family and friends