മെൽബൺ സാം എബ്രഹാം വധക്കേസിൽ പ്രതി അരുൺ കമലാസനനെ 27 വർഷത്തേക്കും, സാമിന്റെ ഭാര്യ സോഫിയ സാമിനെ 22 വർഷത്തേക്കുമാണ് കോടതി ശിക്ഷിച്ചിരുന്നത്. അരുണിന് 23 വർഷവും സോഫിയയ്ക്ക് 18 വർഷവും കഴിഞ്ഞു മാത്രമേ പരോളിന് അർഹതയുള്ളൂ എന്നും കോടതി വിധിച്ചിരുന്നു.
ക്കെതിരായ അപ്പീൽ അനുവദിച്ച കോടതി അരുൺ കമലാസനന്റെ ശിക്ഷ 24 വർഷമായാണ് കുറച്ചത്. 20 വർഷം കഴിഞ്ഞ് അരുണിന് പരോൾ ലഭിക്കുമെന്നും വിക്ടോറിൻ സുപ്രീം കോടതിയിലെ മൂന്നംഗ അപ്പീൽ കോടതി ഉത്തരവിട്ടു.
ശിക്ഷാ വിധിയിൽ നേരിയ ഇളവു വരുത്തിയെങ്കിലും, താൻ കുറ്റക്കാരനല്ല എന്ന അരുൺ കമലാസനന്റെ വാദം കോടതി തള്ളി.
കേസുകളിൽ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും, അതിനാൽ കുറ്റക്കാരിയെന്നുള്ള ജൂറി കണ്ടെത്തൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സോഫിയ സാം നൽകിയ അപ്പീലും കോടതി തള്ളി.
ഇതോടെ സാം വധക്കേസിൽ സോഫിയ കുറ്റക്കാരിയാണെന്ന ജൂറി വിധി കോടതി ശരിവച്ചിരിക്കുകയാണ്. അതിനാൽ അന്തിമ വിധിയിൽ കോടതി വിധിച്ച ശിക്ഷ സോഫിയ പൂർത്തിയാക്കണം.
വിധി കേൾക്കാൻ അരുൺ കോടതിയിൽ ഹാജരായിരുന്നു. എന്നാൽ സോഫിയ ഇന്ന് കോടതിയിൽ എത്തിയില്ല.
ഈ കോടതി വിധിക്കെതിരെ പ്രതികൾക്ക് ഇനി ഹൈ കോടതിയിൽ അപ്പീൽ നൽകാം. എന്നാൽ ഇതുമായി ഇവർ മുൻപോട്ടുപോകുമോ എന്ന കാര്യം വ്യക്തമല്ല.
ഒരേ കുറ്റം; അധിക ശിക്ഷയുടെ ആവശ്യമില്ല
അരുൺ കമലാസനനും സോഫിയ സാമും പങ്കാളിയായിരിക്കുന്നത് ഒരേ കുറ്റത്തിലാണെന്നും, ഇതിൽ ഇരുവർക്കും ഏകദേശം തുല്യ പങ്കാളിത്തമാണെന്നും ചൂണ്ടിക്കാട്ടിയാണ് അരുണിന്റെ ശിക്ഷ കോടതി കുറച്ചത്.
ഇരുവരുടെയും മറ്റു സാഹചര്യങ്ങളും, ജീവിത രീതിയുമെല്ലാം സമാനമാണ്. അതിനാൽ അരുൺ കമലാസനന് സോഫിയയെക്കാൾ 22 ശതമാനം ദീർഘമായ ജയിൽ ശിക്ഷ നൽകുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സാം എബ്രഹാം ആത്മഹത്യ ചെയ്തതായിരിക്കാം എന്ന അരുണിന്റെ വാദവും, അത് സ്ഥാപിക്കാനായി അപ്പീലിൽ മുന്നോട്ടുവച്ച വാദങ്ങളുമെല്ലാം കോടതി തള്ളിക്കളഞ്ഞു.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് അരുൺ കമലാസനൻ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങൾ നേരത്തേ വിചാരണസമയത്ത് ജൂറി പരിശോധിച്ചിരുന്നു. സയനൈഡ് കൊടുത്താണ് സാമിനെ കൊലപ്പെടുത്തിയതെന്ന് അരുൺ പറയുന്ന ഈ ദൃശ്യങ്ങളും അന്ന് ഹാജരാക്കിയിരുന്നു.
എന്നാൽ ഇത് സാമ്പത്തിക ലാഭത്തിനായി താൻ കളവു പറഞ്ഞതാണെന്നും തന്റെ വ്യാജ കുറ്റസമ്മതം കണക്കിലെടുത്താണ് ജൂറി വിധി പറഞ്ഞതെന്നുമായിരുന്നു അപ്പീൽ പരിഗണിച്ചപ്പോൾ അരുൺ വാദിച്ചത്.
സാം എബ്രഹാം തന്നെയാണ് ഇന്ത്യയിൽ നിന്ന് സയനൈഡ് വാങ്ങിക്കൊണ്ടുവന്നതെന്നും, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന കാര്യം സാം തന്നോട് പറഞ്ഞിരുന്നുവെന്നും അരുൺ പറഞ്ഞു.
തന്നെ മാത്രം ആശ്രയിച്ചു കഴിയുന്ന കുടുംബത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയുന്നില്ലെന്നും തനിക്ക് നീതി തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടായിരുന്നു അരുണിന്റെ വാദം.
എന്നാൽ ഇത്തരം വാദങ്ങൾ ജൂറിയുടെ മുന്നിൽ ഉന്നയിച്ചാൽ പോലും നിലനിൽക്കില്ലായിരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ കോടതി അതു തള്ളിയത്.
'സംയുക്ത വിചാരണ സോഫിയയ്ക്ക് നീതി നിഷേധമല്ല'
കേസിൽ സംയുക്തമായി വിചാരണ നടത്തിയതിലൂടെ തനിക്ക് നീതി നിഷേധിക്കപ്പെട്ടു എന്നായിരുന്നു സോഫിയ സാം അപ്പീലിൽ വാദിച്ചത്.
അരുൺ കമലാസനനെതിരെയുള്ള തെളിവുകൾ സോഫിയയ്ക്ക് എതിരെയുള്ള തെളിവുകളായി കണക്കാക്കാൻ പാടില്ല എന്ന് ജഡ്ജി പറഞ്ഞിരുന്നുവെന്നും, എന്നാൽ ജൂറി അത് പാലിച്ചില്ല എന്നും സോഫിയ വാദിച്ചിരുന്നു.
ഈ വാദങ്ങൾ പൂർണമായി അപ്പീൽ കോടതി തള്ളിക്കളഞ്ഞു.
അരുണിനെതിരെയുള്ള വാദങ്ങൾ സോഫിയയുടെ കാര്യത്തിൽ ബാധിക്കരുത് എന്ന് പല പ്രാവശ്യം ജഡ്ജി ആവർത്തിച്ചിരുന്നു എന്ന കാര്യം അപ്പീൽ കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, സോഫിയയ്ക്കെതിരെയുള്ള തെളിവുകൾ തന്നെ ശിക്ഷ വിധിക്കാൻ പര്യാപ്തമാണെന്നും കോടതി വ്യക്തമാക്കി.
ഈ കുറ്റത്തിന് ദാക്ഷിണ്യത്തോടെയുള്ള ശിക്ഷയാണ് സോഫിയയ്ക്ക് നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്. അരുണിന്റെ പങ്കാളിത്തത്തെക്കുറിച്ച് ശിക്ഷാ വിധിയിൽ കൂടുതൽ എടുത്തു പറഞ്ഞതിലൂടെ, വിചാരണക്കോടതി ജഡ്ജി സോഫിയയോട് കൂടുതൽ ദയാവായ്പ് കാട്ടി എന്നാണ് അപ്പീൽ കോടതിയുടെ നിരീക്ഷണം.
2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ സോഫിയയ്ക്കും ആറു വയസുള്ള മകനുമൊപ്പം ഉറങ്ങിക്കിടന്ന സാമിനെ രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്നാണ് സോഫിയ പൊലീസിനെ അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാൽ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ മാസങ്ങൾ നീണ്ട രഹസ്യാന്വേഷണത്തിലൂടെയാണ് പൊലീസ് സോഫിയയെയും അരുണിനെയും അറസ്റ്റ് ചെയ്തത്.
ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകളും വിശേഷങ്ങളുമറിയാൻ ലൈക്ക് ചെയ്യുക