ഇന്ത്യയിലെ വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടി; ഇന്ത്യയിലേക്ക് നേരിട്ടുള്ള സർവീസ് പരിഗണിക്കുമെന്ന് ക്വാണ്ടസ്

കൊറോണവൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് വീണ്ടും നീട്ടാൻ തീരുമാനിച്ചു.

Air India flight

Source: EPA/DIVYAKANT SOLANKI

ഇന്ത്യയിൽ കൊവിഡ് ബാധ നിയന്ത്രണവിധേയമായി എന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, വിമാനയാത്രാ വിലക്ക് വീണ്ടും നീട്ടിയത്. 

സെപ്റ്റംബറിൽ ഏറ്റവും ഉയർന്ന നിലയിലായിരുന്ന കൊറോണബാധ, ഇപ്പോൾ പിടിച്ചുനിർത്താൻ കഴിഞ്ഞു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. എന്നാൽ കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെയുള്ള ഏതാനും സംസ്ഥാനങ്ങളിലാണ് രോഗബാധ ഇപ്പോഴും ഏറ്റവും സജീവമായുള്ളതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

രോഗബാധ പൊതുവിൽ നിയന്ത്രണത്തിൽ വന്നെങ്കിലും, യാത്രാ വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് ഒരു മാസം കൂടി അനുമതി നൽകില്ല.
യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടാൻ വ്യോമയാന മന്ത്രാലയം തീരുമാനിച്ചു.
വാണിജ്യ യാത്രാ വിമാനങ്ങൾക്കാണ് ഈ വിലക്ക് ബാധകം. ചരക്കുവിമാനങ്ങൾക്കും, യാത്രാ ബബ്ൾ നിലനിൽക്കുന്ന രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്കും ഇത് ബാധകമല്ല.

വ്യോമയാന ഡയറക്ടർ ജനറൽ (DGCA) അനുമതി നൽകിയിട്ടുള്ള ചാർട്ടർ വിമാനങ്ങൾക്കും സർവീസ് തുടരാം.
ആകെ 24 രാജ്യങ്ങളുമായാണ് ഇന്ത്യ യാത്രാ ബബ്ൾ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ ബ്രിട്ടനുമായുള്ള യാത്രാ ബബ്ൾ തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

വ്യാപനസാധ്യത കൂടിയ യു കെ സ്ട്രെയ്ൻ വൈറസിന്റെ പശ്ചാത്തലത്തിലാണ് ഇത്.

യാത്ര മുടങ്ങിയിട്ട് ഒരു വർഷം

കൊറോണവൈറസ് ബാധ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ, കഴിഞ്ഞ വർഷം മാർച്ച് 23നാണ് ഇന്ത്യയിലേക്കുള്ള വിമാനയാത്ര നിരോധിച്ചത്.

അതിനു ശേഷം പല തവണ DGCA യാത്രാ വിലക്ക് നീട്ടിയിരുന്നു.

എന്നാൽ ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യയുടെ വന്ദേഭാരത് വിമാനങ്ങൾ സർവീസ് തുടരുന്നുണ്ട്.

വന്ദേഭാരത് മിഷനിലൂടെ ഇതുവരെ 51 ലക്ഷത്തിലേറെ ഇന്ത്യാക്കാരെ തിരിച്ചെത്തിച്ചു എന്ന് വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ക്വാണ്ടസ്

കൊവിഡ് കാലത്തിനു ശേഷം അതിർത്തികൾ തുറക്കുമ്പോൾ ഇന്ത്യയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടസ് സൂചിപ്പിച്ചു.

അടുത്തിടെ നടന്ന റോയിറ്റേഴ്സ് നെക്സ്റ്റ് എന്ന ഓൺലൈൻ സമ്മേളനത്തിലാണ് ക്വാണ്ടസ് മേധാവി അലൻ ജോയ്സ് ഇക്കാര്യം സൂചിപ്പിച്ചത്.
Qantas plane
Source: AAP
പല തവണ ഇന്ത്യയിലേക്ക് സർവീസ് നടത്താൻ ക്വാണ്ടസ് ശ്രമിച്ചെങ്കിലും ലാഭകരമായിരുന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്കുള്ള യാത്രക്കാർ വിവിധ നഗരങ്ങളിലായി പരന്നു കിടക്കുന്നതുകൊണ്ടാണ് ലാഭകരമായ രീതിയിൽ സർവീസ് നടത്താൻ കഴിയാത്തത് എന്ന് അദ്ദേഹം പറഞ്ഞു.

മുമ്പ് സിഡ്നി-മുംബൈ നേരിട്ടുള്ള സർവീസും, സിഡ്നി-ഡാർവിൻ-മുംബൈ സർവീസും നടത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം നഷ്ടത്തിലായിരുന്നു എന്ന് അലൻ ജോയ്സ് ചൂണ്ടിക്കാട്ടി.
എന്നാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ കൂടുകയും, ഇന്ത്യ-ഓസ്ട്രേലിയ ബന്ധവും, സാമ്പത്തിക ഇടപാടകളും വർദ്ധിക്കുകയും ചെയ്യുമ്പോൾ സർവീസ് വീണ്ടും തുടങ്ങാൻ അവസരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ്-19ന് ശേഷം പുതിയ രാജ്യാന്തര വിപണികൾ തേടേണ്ടി വരും. അതിൽ ഇന്ത്യ പ്രധാന പരിഗണനയാണ്.
എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് മാത്രമേ തീരുമാനം എടുക്കൂ എന്നും അദ്ദേഹം പറഞ്ഞു.

എയർ ഇന്ത്യ മാത്രമായിരുന്നു ഇക്കഴിഞ് വർഷങ്ങളിൽ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് നേരിട്ട് സർവീസ് നടത്തിയിരുന്ന ഏക വിമാനക്കമ്പനി.


Share

Published

By SBS Malayalam
Source: SBS

Share this with family and friends