OCI കാർഡ് വിവാദം: ഇന്ത്യൻ ഹൈക്കമ്മീഷൻ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി

50 വയസ് തികഞ്ഞവർ പാസ്പോർട്ട് പുതുക്കിയില്ലെങ്കിൽ പോലും OCI കാർഡുകൾ പുതുക്കണം എന്ന് നിർദ്ദേശിച്ചുകൊണ്ടാണ് ക്യാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയത്.

OCI card which is meant to be a lifelong visa, and an Australian passport

OCI card, which is meant to be a lifelong visa to travel to India, and an Australian passport Source: SBS

വിദേശപൗരത്വമുള്ള ഇന്ത്യാക്കാർക്ക് നൽകുന്ന OCI കാർഡുകൾ പുതുക്കുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം മൂലം നിരവധി പേർക്കാണ് കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയത്.

പലരെയും വിമാനക്കമ്പനികൾ വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

50 വയസു കഴിഞ്ഞവർ എപ്പോൾ കാർഡ് പുതുക്കണം എന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമായിരുന്നു ഇതിന്റെ കാരണം.

ഇക്കാര്യത്തിൽ, ക്യാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും, സിഡ്നിയിലെയും മെൽബണിലെയും ഇന്ത്യൻ കോൺസുലേറ്റുകളും പരസ്പര വിരുദ്ധമായ നിലപാടുകൾ സ്വീകരിച്ച കാര്യം കഴിഞ്ഞയാഴ്ച എസ് ബി  എസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു.
50 വയസ് തികഞ്ഞവർ വിദേശ പാസ്പോർട്ട് പുതുക്കുമ്പോൾ മാത്രം OCI കാർഡും പുതുക്കിയാൽ മതി എന്നായിരുന്നു ഹൈക്കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന അഡ്വൈസറി. ഒറ്റ തവണ മാത്രം ഇങ്ങനെ പുതുക്കിയാൽ മതി. 

എസ് ബി എസിന് നൽകിയ ഇക്കാര്യമാണ് ഹൈകമ്മീഷൻ വ്യക്തമാക്കിയിരുന്നത്.

OCI  കാർഡുള്ള ഒരാൾക്ക് 50 വയസു തികഞ്ഞാൽ, നിലവിലെ പാസ്പോർട്ടിന് കാലാവധി ബാക്കിയുണ്ടെങ്കിൽ അതുപയോഗിച്ച് യാത്ര ചെയ്യാം എന്നായിരുന്നു ഈ അഭിമുഖത്തിൽ ഹൈക്കമ്മീഷൻ വ്യക്തമാക്കിയത്.
OCI confusion
Advisory on the High Commission of India, Canberra in October, which says OCI needs to renewed only once after turning 50 years of age, only when renewing the passport Source: IHC, Canberra
എന്നാൽ സിഡ്നിയിലെയും മെൽബണിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ ഇതിൽ നിന്ന് കടകവിരുദ്ധമായ മറുപടിയാണ് ഇതേക്കുറിച്ചന്വേഷിച്ച മലയാളികൾ ഉൾപ്പെടെയുള്ള OCI കാർഡുടമകൾക്ക് നൽകിയത്.

പാസ്പോർട്ട് കാലാവധി ബാക്കിയുണ്ടെങ്കിൽ പോലും 50 വയസു തികയുന്നവർ OCI പുതുക്കണം എന്ന് കോൺസുലേറ്റുകൾ ആവശ്യപ്പെട്ടു.

ഇത് ക്രിസ്ത്മസ് അവധിക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ടിക്കറ്റെടുത്ത നിരവധി യാത്രക്കാരെയാണ് അവസാന നിമിഷം ബാധിച്ചത്. 

OCI പുതുക്കാൻ സമയം ലഭിക്കാത്തതിനാൽ E-വിസ എടുത്താണ് യാത്ര ചെയ്യുന്നതെന്ന് സിഡ്നി സ്വദേശി ഷാജി കരീക്കളം എസ് ബി എസ് മലയാളത്തോട് പറഞ്ഞു.  

ഇന്ത്യൻ അധികൃതർ സ്വീകരിക്കുന്ന നിലപാടുകളിലെ ഈ വൈരുദ്ധ്യം റിപ്പോർട്ട് ചെയ്ത എസ് ബി എസ്, അതിന് വിശദീകരണം തേടി ഹൈക്കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

ഹൈക്കമ്മീഷനിലെ OCI കാർഡുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെയും, ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഓഫീസിലും ടെലിഫോണിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെട്ടെങ്കിലും, ഹൈക്കമ്മീഷൻ ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകിയിരുന്നില്ല.

അതേസമയം, സിഡ്നി, മെൽബൺ കോൺസുലേറ്റുകൾ സ്വീകരിച്ച നിലപാട് ശരിവച്ചുകൊണ്ട് ഒരു പുതിയ അഡ്വൈസറി പുറത്തിറക്കിയിരിക്കുകയാണ് ഹൈകമ്മീഷൻ.
Screenshot of a tweet by the Indian High Commission
New advisory issued by the Indian High Commission, Canberra, on 17 December, 2019 Source: Screenshot of a tweet by the Indian High Commission
ഒക്ടോബറിൽ പുറത്തിറക്കിയ പഴയ അഡ്വൈസറി ഹൈകമ്മീഷന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്.

എന്തുകൊണ്ട് ഓസ്ട്രേലിയയിലെ ഇന്ത്യൻ നയതന്ത്ര ഓഫീസുകൾക്കിടയിൽ തന്നെ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടായി എന്ന കാര്യം വ്യക്തമല്ല.

OCI പുതുക്കേണ്ടത് ഇങ്ങനെ

പുതിയ അഡ്വൈസറി പ്രകാരം OCI കാർഡുകൾ പുതുക്കേണ്ടത് ഈ സാഹചര്യങ്ങളിലാണ്.

  • 20 വയസു വരെയുള്ള കുട്ടികൾക്ക് ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും OCI  പുതുക്കണം
  • 21 വയസു മുതൽ 50 വയസു വരെയുള്ളവർ ഓരോ തവണ പാസ്പോർട്ട് പുതുക്കുമ്പോഴും OCI പുതുക്കേണ്ടതില്ല. പാസ്പോർട്ട് പുതുക്കിയാൽ പഴയ പാസ്പോർട്ട് കൈവശം കരുതണമെന്നും വ്യവസ്ഥയില്ല. പക്ഷേ, മുൻകരുതൽ എന്ന നിലയിൽ പഴയ പാസ്പോർട്ട് കൈയിൽ കരുതുന്നത് ഉചിതമാകും
  • 50 വയസു കഴിഞ്ഞവർ ഒരിക്കൽ മാത്രം OCI പുതുക്കിയാൽ മതി. എന്നാൽ പാസ്പോർട്ട് പുതുക്കിയാലും ഇല്ലെങ്കിലും 50 വയസു കഴിഞ്ഞവർ ഒരു തവണ OCI കാർഡ് പുതുക്കിയിരിക്കണം. എന്നാൽ മാത്രമേ യാത്ര ചെയ്യാൻകഴിയൂ
  • 50 വയസിനു ശേഷമാണ് OCI കാർഡ് എടുക്കുന്നതെങ്കിൽ അത് പുതുക്കേണ്ട ആവശ്യമില്ല
OCI കാർഡുള്ളവർ പൗരത്വം മാറുകയാണെങ്കിലും പുതിയ പാസ്പോർട്ടും OCI കാർഡും ഉപയോഗിച്ച് യാത്ര ചെയ്യാം. (പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുന്നവർക്ക് അത് കഴിയില്ല). അതേസമയം, പുതിയ പൗരത്വം ഏതാണെന്ന്  കോൺസുലേറ്റിലെ മിസലേനിയസ് സർവീസിലൂടെ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.


Share

Published

Updated

By Deeju Sivadas

Share this with family and friends