കൊവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് നൽകിയ 33,121 പിഴശിക്ഷകൾ പിൻവലിക്കാനാണ് NSWസർക്കാർ തീരുമാനിച്ചത്.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്ന പേരിൽ 62,128 പേർക്കാണ് നോട്ടീസ് നൽകിയിരുന്നത്. ഇതിന്റെ പകുതിയിലേറരെയും പിൻവലിക്കാനാണ് തീരുമാനം.
പിഴയീടാക്കിയതിനെതിരെ രണ്ടു പേർ നൽകിയ ഹർജി അനുവദിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാന റവന്യൂ വകുപ്പിന്റെ ഈ തീരുമാനം.
പിഴ നൽകുന്നതിനുള്ള നിയമത്തിന്റെ 20ാം വകുപ്പിലെ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കാതെയാണ് ഈ രണ്ടു പേർക്ക് നോട്ടീസ് നൽകിയതെന്ന് കോടതി കണ്ടെത്തിയിരുന്നു.
എന്തിനാണ് പിഴ ഈടാക്കുന്നത് എന്ന കാര്യം വ്യക്തമായി പ്രതിപാദിക്കാതെയാണ് നോട്ടീസ് നൽകിയത് എന്ന വാദമാണ് കോടതി അംഗീകരിച്ചത്.
1,000 ഡോളറും, 3,000 ഡോളറും വീതമുള്ള ഈ രണ്ടു പിഴശിക്ഷകൾ റദ്ദാക്കിയതോടെ, സർക്കാർ സമാനമായി ഈടാക്കിയ ആയിരക്കണക്കിന് പിഴകളുടെയും സാധുത സംശയത്തിലായിരുന്നു. ഇതോടെയാണ് 33,000ഓളം പിഴശിക്ഷകൾ പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഇതിനകം പിഴയടച്ചവർക്ക് ആ തുക തിരികെ നൽകാൻ നടപടിയെടുക്കുമെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.
മില്യൺ കണക്കിന് ഡോളറാകും ഇത്തരത്തിൽ സർക്കാർ തിരിച്ചുനൽകുന്നത്.
ഈ പിഴശിക്ഷകൾക്ക് ഒപ്പം നൽകിയിട്ടുള്ള മറ്റു ശിക്ഷാ നടപടികളും പിൻവലിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഡ്രൈവർ ലൈസൻസ് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ളവയാണ് അത്.
ഇങ്ങനെ പിൻവലിക്കുന്നതിന് പുറമേ 29,017 പേർക്ക് കൂടി മറ്റ് വകുപ്പുകൾ പ്രകാരം നോട്ടീസുകൾ നൽകിയിട്ടുണ്ട്. അത് ലഭിച്ചവർ പിഴയടയ്ക്കേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.