Highlights
- OCI/PIO കാർഡുകളിലുള്ളവർക്ക് യാത്ര ചെയ്യാം
- നിലവിലുള്ള വിസകൾ (ടൂറിസ്റ്റ്, ഇലക്ട്രോണിക് വിസകൾ ഒഴികെ) പുനസ്ഥാപിക്കും
- വിദേശ പൗരൻമാർക്കും യാത്ര ചെയ്യാം
കൊവിഡ് ബാധ രൂക്ഷമായപ്പോൾ ഈ വർഷം ഫെബ്രുവരിയിലാണ് ഇന്ത്യൻ സർക്കാർ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
OCI കാർഡുകൾ ഉൾപ്പെടെ നിലവിലുള്ള എല്ലാ വിസകളും മരവിപ്പിക്കുന്നതായും, വിദേശികൾക്ക് പുതിയ വിസ നൽകില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്.
മാർച്ച് മുതൽ വിദേശത്തു നിന്നുള്ള യാത്രാ വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.
ചില നിർദ്ദിഷ്ട സാഹചര്യങ്ങളിൽ ഉള്ളവർക്ക് മാത്രം പിന്നീട് യാത്രാ ഇളവു നൽകിയെങ്കിലും, വിദേശ പൗരൻമാരായ ഭൂരിഭാഗം ഇന്ത്യൻ വംശജർക്കും നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ടായിരുന്നില്ല.
എന്നാൽ എട്ടു മാസത്തിനു ശേഷം വിസ നിയന്ത്രണത്തിൽ ഇളവു വരുത്തിയിരിക്കുകയാണ് ഇന്ത്യൻ സർക്കാർ.
OCI കാർഡ് ഉടമകൾക്കും, PIO കാർഡ് ഉടമകൾക്കും വിദേശ പൗരൻമാർക്കും ഇനി മുതൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ടൂറിസ്റ്റ് വിസ ഒഴികെ മറ്റു വിസകളിലാണ് ഈ യാത്രാ അനുമതി.
അതായത്, വിനോദസഞ്ചാരത്തിനായി മാത്രം ഇന്ത്യയിലേക്ക്പോകാൻ കഴിയില്ല.
വിമാനമാർഗ്ഗവും, കപ്പൽമാർഗ്ഗവും എത്തുന്നതിന് അനുമതിയുണ്ട്.
വാണിജ്യ യാത്രാ വിമാനങ്ങൾ ഇനിയും പുനസ്ഥാപിച്ചിട്ടില്ലാത്തതിനാൽ, വന്ദേഭാരത് വിമാനങ്ങൾ വഴിയും, ചാർട്ടർ വിമാനങ്ങൾ വഴിയും, ബബ്ൾ സംവിധാനങ്ങൾ വഴിയുമാണ് എത്താൻ സാധിക്കുക.
നേരത്തേ, OCI കാർഡുടമകൾക്ക് നാലു സാഹചര്യങ്ങളിൽ മാത്രം ഇന്ത്യയിലേക്ക് യാത്ര ചെയ്യാനായി സർക്കാർ ചില ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
വിസകൾ പുനസ്ഥാപിക്കും
നിലവിൽ മരവിപ്പിച്ചു നിർത്തിയിരുന്ന എല്ലാ വിസകളുടെയും സാധുത പുനസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
OCI/PIO കാർഡുകൾ ഉൾപ്പെടെയാണ് അത്.
എന്നാൽ നേരത്തേ എടുത്തിരുന്ന ഇലക്ട്രോണിക് വിസകൾ, ടൂറിസ്റ്റ് വിസകൾ, മെഡിക്കൽ വിസകൾ എന്നിവയുടെ സാധുത പുനസ്ഥാപിക്കില്ല.
ചികിത്സയ്ക്കായി ഇന്ത്യ സന്ദർശിക്കാനുദ്ദേശിക്കുന്ന വിദേശ പൗരൻമാർ പുതിയ മെഡിക്കൽ വിസക്ക് അപേക്ഷിക്കണം.
ഇതോടെ, വിദേശപൗരൻമാർക്ക് ബിസിനസ്, പഠനം, കോൺഫറൻസുകൾ, തൊഴിൽ, ഗവേഷണം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായെല്ലാം ഇന്ത്യയിലേക്ക് എത്താൻ കഴിയുമെന്ന് സർക്കാർ വ്യക്തമാക്കി.