സെൻസസ് വിവരങ്ങൾ പല ഘട്ടങ്ങളിലായായിരിക്കും ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിടുക. ഇതിൽ രാജ്യത്തെക്കുറിച്ചുള്ള പൊതുചിത്രം മാത്രമാണ് ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സെൻസസ് നടന്ന ദിവസം 23,717,421 പേരാണ് ഓസ്ട്രേലിയയിൽ ഉണ്ടായിരുന്നത്. 60,000 ലേറെ ഓസ്ട്രേലിയക്കാർ അന്ന് വിദേശയാത്രയിൽ ആയിരുന്നു. 2011നേക്കാൾ 8.8 ശതമാനം വർദ്ധനവാണ് മൊത്തം ജനസംഖ്യയിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
2011 നും 2016നും ഇടയിൽ 13 ലക്ഷത്തോളം പുതിയ കുടിയേറ്റക്കാർ ഓസ്ട്രേലിയയിലേക്ക് എത്തി എന്നാണ് കണക്കുകൾ. ഇതിൽ 1,91,000 പേർ ചൈനയിൽ നിന്നും 1,63,000 പേർ ഇന്ത്യയിൽ നിന്നുമാണ്.
2011ൽ മൊത്തം ഓസ്ട്രേലിയക്കാരുടെ 1.4 ശതമാനമായിരുന്നു ഇന്ത്യയിൽ ജനിച്ചവരുടെ എണ്ണം. ഇതാണ് ഇപ്പോൾ 1.9% ആയി ഉയർന്നിരിക്കുന്നത്. ഓസ്ട്രേലിയയിൽ തന്നെ ജനിച്ച രണ്ടാം തലമുറ ഇന്ത്യൻ വംശജർ ഉൾപ്പെടാതെയുള്ള കണക്കാണ് ഇത്. ആ കണക്കുകൾ കൂടി ലഭിക്കുന്പോൾ ഇന്ത്യൻ വംശജരുടെ എണ്ണം ഇനിയും ഉയരും.
ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയാണ് ഏറ്റവുമധികം ജനസംഖ്യാ വർദ്ധനവ് ഉണ്ടായിരിക്കുന്ന പ്രദേശം. 11 ശതമാനത്തിൻറെ വർദ്ധനവ്.
വീട്ടിൽ വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ വിശദാംശങ്ങളും എ ബി എസ് പുറത്തുവിട്ടു തുടങ്ങിയെങ്കിലും, മലയാളം സംസാരിക്കുന്നവരുടെ എണ്ണം ഇതുവരെയും അറിവായിട്ടില്ല.
More to come...