ഓസ്ട്രേലിയയിൽ മതമില്ലാത്തവർ ഏറ്റവും വലിയ വിഭാഗം: ക്രിസ്ത്യാനികൾ കുറയുന്നു; ഇസ്ലാം, ഹിന്ദു വിശ്വാസികൾ കൂടി

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി ഒരു മതത്തിലും വിശ്വസിക്കാത്തവർ രാജ്യത്തെ ഏറ്റവും വലിയ വിഭാഗമായി മാറി. 2016ലെ സെൻസസ് റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 29.6 പേരാണ് ഒരു മതത്തിലും വിശ്വസിക്കാത്തവർ. രാജ്യത്തെ ക്രിസ്തുമതവിശ്വാസികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞപ്പോൾ, മുസ്ലീങ്ങളുടെയും ഹിന്ദു വിശ്വാസികളുടെയും എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായി.

Census Religion

Source: SBS

2011ൽ മൊത്തം ജനസംഖ്യയുടെ 22.6 ശതമാനമായിരുന്നു മതവിശ്വാസമില്ലാത്തവർ. ഇതിലാണ് ഏഴു ശതമാനത്തിൻറെ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. 

ഏറ്റവുമധികം ഇടിവുണ്ടായിരിക്കുന്നത് ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിലാണ്. 2011ൽ രാജ്യത്തെ ജനസംഖ്യയുടെ 61% പേർ ക്രൈസ്തവ വിശ്വാസികളായിരുന്നെങ്കിൽ, ഇത്തവണ 52 ശതമാനം മാത്രമാണ് അത്. 

ഓസ്ട്രേലിയൻ സെൻസസിൽ കത്തോലിക്കാ വിശ്വാസികളുടെയും മറ്റു ക്രൈസ്തവ വിശ്വാസങ്ങളിലുള്ളവരുടെയും കണക്കുകൾ വ്യത്യസ്ത മതങ്ങളായാണ് രേഖപ്പെടുത്തുന്നത്. കത്തോലിക്കരുടെ എണ്ണം 25 ശതമാനത്തിൽ നിന്നും 23 ശതമാനമായി അഞ്ചു വർഷത്തിൽ ഇടിഞ്ഞു. ഇതോടെയാണ് മതമില്ലാത്തവർ ചരിത്രത്തിലാദ്യമായി ഏറ്റവും വലിയ വിഭാഗമായി മാറിയത്. 

എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും എണ്ണം കുറഞ്ഞപ്പോൾ, ഇസ്ലാം, ഹൈന്ദവ മതങ്ങളിൽ വിശ്വസിക്കുന്നവരുടെ എണ്ണം നേരിയ തോതിൽ വർദ്ധിച്ചു. ഇസ്ലാം 2.2% ൽ നിന്ന് 2.6% ആയും, ഹിന്ദുമതം 1.3% ൽ നിന്ന് 1.9% ആയുമാണ് വർദ്ധിച്ചത്.
Census Religion
Source: SBS
ഇതാദ്യമായി സെൻസസിൽ മതമില്ലാത്തവർ എന്ന വിഭാഗം ആദ്യ ഉത്തരമാക്കി മാറ്റിയിരുന്നു. ഇത് പല തരത്തിലുള്ള എതിർപ്പുകളും ക്ഷണിച്ചുവരുത്തുകയും ചെയ്തു. എന്നാൽ ഈ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന കണക്കുകളാണ് സെൻസസ് റിപ്പോർട്ടിൽ പുറത്തുവന്നിരുന്നത്.

Share

Published

Updated

By Deeju Sivadas

Share this with family and friends