ഓസ്ട്രേലിയയിൽ 306,281 രോഗികൾ ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഫെഡറൽ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജൂൺ അവസാനത്തോടെ ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം അഞ്ചുലക്ഷം കവിയുമെന്ന് ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
ശസ്ത്രക്രിയക്കായി ഏറ്റവും അധികം രോഗികൾ കാത്തിരിക്കുന്ന സംസ്ഥാനം വിക്ടോറിയയാണ്. ന്യൂ സൗത്ത് വെയിൽസാണ് കണക്കിൽ രണ്ടാം സ്ഥാനത്തുള്ളത്.
വിക്ടോറിയയിൽ 134,950 രോഗികളും, ന്യൂ സൗത്ത് വെയിൽസിൽ 77,845 രോഗികളും ശസ്ത്രക്രിയകൾക്കായി കാത്തിരിക്കുന്നുണ്ടെന്നാണ് AMAയുടെ കണക്ക്.
ശസ്ത്രക്രിയക്കായുള്ള രോഗികളുടെ കാത്തിരിപ്പ് കുറക്കുന്നതിനായി കൂടുതൽ ധനസഹായവും പരിഷ്കരണങ്ങളും ആവശ്യമാണെന്ന് AMA പ്രസിഡൻറ് സ്റ്റീവ് റോബ്‌സൺ ചൂണ്ടിക്കാട്ടി.
സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും AMA പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്ത് ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ 10 ശതമാനവും ക്വീൻസ്‌ലാൻറ്, വെസ്റ്റേൺ ഓസ്‌ട്രേലിയ സംസ്ഥാനങ്ങളിലാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധികൾ രാജ്യത്ത് ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ഉയരാൻ കാരണമായെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.