ബുധനാഴ്ച രാവിലെ ന്യൂസിലാൻറിലെ ഓക്ക്ലാൻറിൽ നിന്നും സിഡ്നിയിലേക്ക് പറന്നുയർന്ന QF 144 വിമാനത്തിനാണ് എഞ്ചിൻ തകരാറുണ്ടായത്.
സിഡ്നിയിലെത്തുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് ഇരട്ട എഞ്ചിനുകളിലൊന്നിൽ തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്ന്, പൈലറ്റ് അടിയന്തര സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മെയ്ഡേ സന്ദേശം പുറപ്പെടുവിച്ചു.
പിന്നീട് ഉച്ചയോടെ വിമാനം സിഡ്‌നി കിംഗ്‌സ്‌ഫോർഡ് സ്മിത്ത് എയർപോർട്ടിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഫയർ, ആംബുലൻസ്, ഫെഡറൽ പോലീസ് എന്നിവരുൾപ്പെടുന്ന സംഘത്തെ വിമാനത്താവളത്തിൽ വിന്യസിച്ചിരുന്നു.
148 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിൻറെ ഇരട്ട എഞ്ചിനുകളിലൊന്നിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെയ്‌ഡേ സന്ദേശം നൽകിയതെന്ന് ക്വാണ്ടസ് അറിയിച്ചു.
അടിയന്തര സാഹചര്യത്തിൽ സഹായം ആവശ്യപ്പെടുന്നതിനായി റേഡിയോ വഴിയുള്ള ആശയവിനിമയത്തിൽ ഉപയോഗിക്കുന്ന പദമാണ് മെയ്ഡേ.
പിന്നീട് സാഹചര്യം വിലയിരുത്തിയതിന് ശേഷം അടിയന്തര സഹായ സന്ദേശം മെയ് ഡേയിൽ നിന്ന് പാൻ (PAN- പോസിബിൾ അസിസ്റ്റൻസ് നീഡഡ്) എന്ന വിഭാഗത്തിലേക്ക് താഴ്ത്തിയെന്നും ക്വാണ്ടസ് കൂട്ടിച്ചേർത്തു.
തകരാർ കണ്ടെത്തിയതിന് ശേഷമുള്ള സമയം ഒറ്റ എഞ്ചിനിലാണ് വിമാനം പറന്നതെന്നാണ് റിപ്പോർട്ടുകൾ.
10 വർഷം പഴക്കമുള്ള ഇരട്ട എഞ്ചിനുകളുള്ള ബോയിംഗ് 737-838 വിമാനം പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോളാണ് മെയ് ഡേ കോൾ പുറപ്പെടുവിച്ചതെന്ന് ഫ്ലൈറ്റ് റഡാർ വെബ്‌സൈറ്റ് സൂചിപ്പിച്ചു.
സിഡ്‌നിയിൽ വിമാനം പറന്നിറങ്ങുമ്പോൾ ഏകദേശം ഒന്നര ലക്ഷത്തോളം ആളുകൾ വിമാനത്തെ ഓൺലൈനിൽ പിൻതുടരുന്നുണ്ടായിരുന്നുവെന്നും ഫ്ലൈറ്റ്റഡാർ വക്താവ് പറഞ്ഞു.