വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ 36 രാജ്യങ്ങളിൽ നിന്നാണ് വിമാന സർവീസുകൾ പ്രഖ്യാപിച്ചത്.
ഇതിൽ എട്ടു വിമാനങ്ങൾ ഓസ്ട്രേലിയിൽ നിന്ന് സർവീസ് നടത്തുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ജൂൺ 17 മുതൽ 24 വരെയായിരിക്കും ഓസ്ട്രേലിയയിൽ നിന്നുള്ള സർവീസുകൾ. സിഡ്നിയിലും മെൽബണിലും നിന്ന് തന്നെയാകും ഈ ഘട്ടത്തിലും എല്ലാ സർവീസുകളും.
ഇതിൽ നാലു സർവീസുകൾ ഡൽഹിയിലേക്കും, മറ്റ് നാലെണ്ണം ഡൽഹി വഴി മറ്റു നഗരങ്ങളിലേക്കുമാണ്.
കൊച്ചി, അഹമ്മദാബാദ്, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ.
ജൂൺ 23ന് സിഡ്നിയിൽ നിന്നാണ് കൊച്ചി സർവീസ്.
സിഡ്നിയിൽ നിന്നുള്ള വിമാനങ്ങളെല്ലാം രാവിലെ 9.15നും, മെൽബണിൽ നിന്നുള്ളവ രാവിലെ 9.45നുമാകും പുറപ്പെടുക.
പൂർണ ഷെഡ്യൂൾ ഇങ്ങനെയാണ്:
- ജൂൺ 17: സിഡ്നി – ഡൽഹി
- ജൂൺ 18: മെൽബൺ - ഡൽഹി
- ജൂൺ 19: സിഡ്നി – ഡൽഹി
- ജൂൺ 20: മെൽബൺ - ഡൽഹി
- ജൂൺ 21: സിഡ്നി – അഹമ്മദാബാദ്
- ജൂൺ 22: മെൽബൺ - ബംഗളുരു
- ജൂൺ 23: സിഡ്നി – കൊച്ചി
- ജൂൺ 24: മെൽബൺ - ഹൈദരാബാദ്
243 പേർക്ക് വീതമാണ് ഓരോ വിമാനങ്ങളിലും പോകാൻ കഴിയുക.
കഴിഞ്ഞ ഘട്ടത്തിൽ ഏഴു വിമാനസർവീസുകളാണ് ഓസ്ട്രേലിയയിൽ നിന്ന് ഏർപ്പെടുത്തിയിരുന്നത്. ഇതിൽ മെൽബണിൽ നിന്ന് കൊച്ചിയിലേക്ക് ഒരു സർവീസ് ഉണ്ടായിരുന്നു.
1600ലേറെ പേരെയാണ് കഴിഞ്ഞ ഘട്ടത്തിൽ കൊണ്ടുപോയത്. ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്ത പതിനായിരത്തോളം പേരിൽ നിന്നാണ് ഇത്രയും പേരെ ഉൾപ്പെടുത്തിയത്.
അടിയന്തര സാഹചര്യങ്ങളുണ്ടായിട്ടും അവസരം കിട്ടിയില്ല എന്ന് നിരവധി പേർ പരാതി ഉയർത്തിയിരുന്നു. ആദ്യഘട്ടത്തിലേതു പോലെ പരിഗണനാ പട്ടിക തയ്യാറാക്കിയാകും ഇത്തവണയും യാത്രക്കാരെ തെരഞ്ഞെടുക്കുക.
നേരത്തേ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് വീണ്ടും അതിനുള്ള അവസരം നൽകിയേക്കുമെന്ന് സൂചനയുണ്ട്. ഹൈക്കമ്മീഷനിൽ നിന്നുള്ള ഇതിന്റെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.