ഓസ്ട്രേലിയയിൽ കൊറോണ വൈറസ് രോഗബാധ പടർന്നു പിടിച്ചതോടെ നിരവധി പേരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാം നിർത്തലാക്കിയിരിക്കുന്നതിനാൽ ജോലി നഷ്ടപ്പെട്ടവരും നിരവധിയാണ്. കൂടാതെ പല കാരണങ്ങളാൽ സ്വയം ഐസൊലേഷനിൽ കഴിയുന്നവരുമുണ്ട്.
ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാൻ മുൻപോട്ടു വന്നിരിക്കുകയാണ് വിവിധ മലയാളി കൂട്ടായ്‍മകളും വ്യക്തികളും.
തൊഴിൽ നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സിഡ്‌നിയിലെ മലയാളികളായ രാജ്യാന്തര വിദ്യാർത്ഥികൾക്ക് അവശ്യ സേവനങ്ങൾ നൽകാൻ പദ്ധതിയിട്ടിരിക്കുകയാണ് സിഡ്നി മലയാളി അസോസിയേഷൻ.
വൊള്ളോംഗോംഗ് മുതൽ ന്യൂ കാസിൽ വരെ ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്കാണ് ഈ സേവനം ലഭ്യമാക്കുന്നതെന്ന് സിഡ്‌നി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ പി ജോസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ഈ പ്രതിസന്ധി ഏറ്റവും കൂടുതലായി ബാധിക്കുന്നത് രാജ്യാന്തര വിദ്യാർത്ഥികളെയാണ്. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിലുള്ളവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യ സേവനവും ചെറിയ തോതിൽ സാമ്പത്തിക സഹായവും നൽകാനാണ് ശ്രമിക്കുന്നതെന്നും കെ പി ജോസ് പറഞ്ഞു.
സമാനമായ രീതിയിൽ മെൽബന്റെ ഏതു ഭാഗത്തായാലും സ്വയം ഐസൊലേഷനിൽ കഴിയുന്നവർക്കും സഹായം ആവശ്യമായവർക്കും ഭക്ഷണവും മരുന്നുമെല്ലാം വാങ്ങിക്കൊടുക്കുകയാണ് കേരള ഹിന്ദു സൊസൈറ്റി ഓഫ് മെൽബൺ.
കൂടാതെ അംഗങ്ങളുടെ സഹകരണത്തോടെ റെഡ് ക്രോസ്സിനായി രക്തദാനം നടത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് കേരള ഹിന്ദു സൊസൈറ്റി ഓഫ് മെൽബൺ പ്രസിഡന്റ് ജയകൃഷ്ണൻ കരിംബാലൻ പറഞ്ഞു.
മെൽബണിലെ മലയാളികളായ രാജ്യാന്തര വിദ്യാർത്ഥികൾക്ക് എല്ലാ വിധ സഹായവും നൽകാൻ മുൻപോട്ടു വന്നിരിക്കുകയാണ് മെൽബൺ സെക്കുലർ ഫോറം.
മലയാളികൾക്കു മാത്രമല്ല കൊറോണവൈറസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും കൈത്താങ്ങാകുകയാണ് കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ മെൽബൺ ചാപ്റ്റർ
ഇതിനൊക്കെ പുറമെ ആവശ്യമായവർക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളുമെല്ലാം നൽകിവരികയാണ് അഡ്‌ലൈഡിലുള്ള ജോർജി തോമസ്. സംസ്ഥാനത്തെ ഒരു ഫാമിൽ നിന്നും പച്ചക്കറിയും പഴവർഗ്ഗങ്ങളുമെല്ലാം ശേഖരിച്ച് ആവശ്യമായവരിലേക്ക് എത്തികൊടുക്കുകയാണ് ഇദ്ദേഹം.

Source: Supplied

Source: Supplied

Source: Supplied
ഹൊബാർട്ടിൽ ഈ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാൻ മുൻപോട്ടു വന്നിരിക്കുകയാണ് ഹൊബാർട്ട് മലയാളി അസോസിയേഷൻ. കരുണ -ഒരു സഹായ ഹസ്തം എന്ന പേരിലാണ് കൂട്ടായ്മയുടെ സംരംഭം.
കാൻബറ മലയാളി അസോസിയേഷനും സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധർ അടങ്ങിയ സംഘം ആവശ്യമായവരെ സഹായിക്കാൻ ഒരു കൊറോണ റെസ്പോൺസ് ടീം രൂപീകരിച്ചിരിക്കുകയാണ്.
ഇത്തരത്തിൽ കൊറോണവൈറസ് പ്രതിസന്ധി പല വിധത്തിൽ നേരിട്ട് ബാധിച്ചിരിക്കുന്നവർക്കായി
ഭക്ഷണം എത്തിച്ചും അവശ്യ സേവനങ്ങൾക്കായി ഹെൽപ്‌ലൈൻ ഡെസ്‌ക്കും രൂപീകരിച്ച് പല കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്.
മെൽബൺ സെക്യുലർ ഫോറവും സിഡ്‌നിയിലെ ഫേസ്ബുക് ഗ്രൂപ്പും ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി ഇവിടെ കേൾക്കാം...