ഫെബ്രുവരി 21 വെള്ളിയാഴ്ച്ച ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ സിഡ്‌നിയിലാണ് വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പിലെ ആദ്യ മത്സരം.
ഏറ്റവും മികച്ച പത്ത് രാജ്യങ്ങളാണ് ക്രിക്കറ്റ് മാമാങ്കത്തിൽ ഏറ്റു മുട്ടുന്നത്.
വനിതാ ക്രിക്കറ്റിന് അടുത്ത കാലത്ത് ലഭിച്ചിരിക്കുന്ന സ്വീകാര്യതയുടെയും ഗ്ലാമറിന്റെയും പശ്ചാത്തലത്തില്‍, ഈ ലോകകപ്പിന് ആവേശം കൂടും എന്ന പ്രതീക്ഷയിലാണ് ഐ സി സിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും.
ഒപ്പം ക്രിക്കറ്റിൽ കൂടുതൽ സജീവമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയിലെ പെൺകുട്ടികളും.
ഓസ്‌ട്രേലിയയിലെ പല സ്‌കൂള്‍ ടീമുകളിലും മലയാളി പെണ്‍കുട്ടികള്‍ സജീവമാകുകയാണ്.
മാതാപിതാക്കളുടെ ക്രിക്കറ്റിനോടുള്ള പ്രണയമാണ് പലപ്പോഴും പെണ്‍കുട്ടികളെ ക്രിക്കറ്റ് പിച്ചിലേക്ക് ആകര്‍ഷിക്കുന്നത്.
അത്തരത്തില്‍, പിതാവിന്റെ ക്രിക്കറ്റ് അഭിനിവേശം കാരണം ചെറുപ്രായം മുതല്‍ തന്നെ ക്രിക്കറ്റ് പരിശീലനത്തിന് ചേര്‍ന്നതാണ് സിഡ്‌നിയിലുള്ള നേഹ ജോഷ്വ.
.
ചെറുപ്രായം മുതൽ പപ്പയുടെ കൂടെ സ്ഥിരം ക്രിക്കറ്റ് കാണാൻ പോകുമായിരുന്നു എന്ന് നേഹ പറയുന്നു.

Neha Joshua Source: Supplied
അഞ്ചാം ക്‌ളാസ്സിൽ പഠിക്കുന്ന നേഹ ഇപ്പോള്‍ സ്കൂൾ ടീമിലെ അംഗമാണ്. ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടറാണ് നേഹ.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാനുള്ള തയ്യാറെടുപ്പിലാണ് നേഹയും കുടുംബവും.
ചെറുപ്രായം മുതല്‍ ക്രിക്കറ്റ് പരിശീലനം നേടാന്‍ പെണ്‍കുട്ടികള്‍ക്കും ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന അവസരങ്ങളെയാണ് നേഹയെപ്പോലുള്ളവര്‍ക്ക് ഗുണകരമാകുന്നത്.
ഇത്തരത്തിൽ ചെറുപ്രായം മുതൽ ക്രിക്കറ്റ് പരിശീലനം നേടിയവരിൽ ഒരാളാണ് അഡ്ലൈഡിലുള്ള മരിയ ജോൺ കൊലക്കൊമ്പിൽ.
പന്ത്രണ്ട് വയസ്സിന് താഴെയുള്ളവരുടെ സൗത്ത് ഓസ്‌ട്രേലിയ സംസ്ഥാന ടീമിലേക്കുള്ള പതിനഞ്ചംഗ സ്‌ക്വാഡിൽ മരിയ ഇടം നേടിയിരുന്നു.
സ്കൂൾ ടീമിൽ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ ആണ് മരിയ.

Maria John Source: Supplied
പലപ്പോഴും സ്‌കൂള്‍ തലത്തില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെയാണ് പെണ്‍കുട്ടികളും കളിക്കുന്നത്. മരിയയും നേഹയും ഇങ്ങനെയാണ് കളിക്കുന്നത്.
മത്സരത്തിന്റെ വാശി കൂടാനും, കൂടുതല്‍ മെച്ചപ്പെടാനും ഇത് സഹായിക്കുന്നതായി നേഹ പറയുന്നു.
അത്തരത്തില്‍, സിഡ്‌നിയിലെ കെല്ലിവില്‍ പബ്ലിക് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ മാത്രമുണ്ടായിരുന്ന ക്രിക്കറ്റ് ടീമിലേക്ക് എത്തിയ പെണ്‍കുട്ടിയാണ് നന്ദ സജീഷ്.

Maria John Source: Supplied
ചെറുപ്രായം മുതൽ പരിശീലനം നേടി സ്കൂൾ ക്രിക്കറ്റിൽ സജീവമായതാണ് നന്ദ സജീഷ്. നന്ദ കളിക്കുന്ന സ്കൂൾ ടീം കഴിഞ്ഞ വർഷം ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പ് ഫൈനലിൽ എത്തിയിരുന്നു.
സ്കൂൾ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ഇവർ ക്ലബ് തലത്തിലും സജീവമാണ്.

Nandha Sajish Source: Supplied
ഇന്ത്യയോ ഓസ്‌ട്രേലിയയോ? പിന്തുണയാര്‍ക്ക്...
ഓസ്‌ട്രേലിയന്‍ സ്‌കൂള്‍ ടീമുകളിലും ക്ലബുകളിലുമെല്ലാം കളിക്കുമ്പോള്‍ ഈ പെണ്‍കുട്ടികള്‍ ലോകകപ്പില്‍ പിന്തുണയ്ക്കുന്നത് ആരെയാകും?
ഓസ്‌ട്രേലിയയെയും ഇന്ത്യയേയും ഒരുപോലെ പിന്തുണയ്ക്കുന്നു എന്നാണ് മരിയ ജോണ്‍ കൊലക്കൊമ്പില്‍ പറയുന്നത്.
എന്നാല്‍ ബ്രിസ്ബൈനിൽ സ്കൂൾ ടീമിൽ കളിക്കുന്ന പത്താം ക്‌ളാസ്സിലുള്ള എൽസ ജേക്കബ് പിന്തുണക്കുന്നത് ഇന്ത്യൻ നിരയെയാണ്.

Elsa Jacob Source: Supplied
ആഷസ് പരമ്പരയില്‍ ബ്രിസ്‌ബൈനില്‍ നടന്ന മത്സരത്തിനു മുമ്പ് ഓസ്‌ട്രേലിയന്‍ പതാകയേന്താന്‍ അവസരം കിട്ടിയതാണ് എല്‍സ ആവേശത്തോടെ ഓര്‍ക്കുന്ന ഒരു ക്രിക്കറ്റ് നിമിഷം.

Elsa Jacob Source: Supplied
ഇന്ത്യൻ നിരയിലെ സ്‌മൃതി മന്ദാനയും ഓസ്‌ട്രേലിയുടെ എല്ലിസ് പെറിയും ഉൾപ്പെടെയുള്ള താരങ്ങളാണ് ഏറ്റവും പ്രചോദനമാകുന്നതെന്നും ഇവർ പറയുന്നു.
ഓസ്‌ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടണമെന്ന ആഗ്രഹത്തോടെ കൂടുതൽ പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ് ഇവർ.
വനിതകളുടെ ലോകകപ്പിൽ വാശിയേറിയ പോരാട്ടത്തിന് ഒരുങ്ങുകയാണ് ടീമുകൾ. ലോക റാങ്കിങ്ങിൽ ഓസ്‌ട്രേലിയയാണ് മുന്നിൽ രണ്ടാമത് ഇംഗ്ലണ്ടും. ന്യൂ സീലാന്റ് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ സ്ഥാനം നാലാമതും.