പെണ്‍ ശരീരത്തിനകത്തൊരു പുരുഷന്‍.
അങ്ങനെയാണ് കുറച്ചുകാലം മുമ്പു വരെ പലരും തന്നെ വിളിച്ചതെന്ന് കൃഷ്ണ ഇസ്ത പറയുന്നു. പക്ഷേ കൃഷ്ണയ്ക്ക് ഈ വിശേഷണം അത്ര പഥ്യമല്ല.
'ലോകത്ത് എല്ലാ പുരുഷന്‍മാരും ഒരിക്കല്‍ പെണ്‍ശരീരത്തിന് ഉള്ളിലല്ലേ. ഞാന്‍ മാത്രമല്ലല്ലോ?' കൃഷ്ണയുടെ ചോദ്യം.
ഇത്, കൃഷ്ണ മേനോന്‍ എന്ന കൃഷ്ണ ഇസ്ത. അച്ഛനും അമ്മയും മലയാളി. ജനിച്ചത് അമേരിക്കയില്‍.

Source: Supplied
വളര്‍ന്നത്, 16 വയസു വരെ ബംഗളുരുവിലും പിന്നെ ബ്രിട്ടനിലും. പെ്ണ്‍കുട്ടിയായി ജനിച്ചെങ്കിലും, ഇപ്പോള്‍ പുരുഷനായി ജീവിക്കുകയാണ് കൃഷ്ണ.
ഇന്ന് ലോകമറിയുന്ന ട്രാന്‍സ്ജന്‍ഡര്‍ കലാകാരന്‍മാരില്‍ ഒരാളാണ് കൃഷ്ണ. ബി ബി സിയും, എ ബി സിയും, ദ ഏജും ഉള്‍പ്പെടെയുള്ള ലോകത്തെ പല പ്രമുഖ മാധ്യമങ്ങളും വിശേഷിപ്പിച്ചത്, ബ്രിട്ടനിലെ ഏറ്റവും ശ്രദ്ധേയനായ ട്രാന്‍സ്ജന്റര്‍ കലാകാരന്‍ എന്നാണ്.
ഇനിയും ഇരയാകാനാകില്ല
കോമഡി പരിപാടികളുടെ ഇരകളാണ് ലോകത്തെവിടെയും ട്രാന്‍സ്ജന്‍ഡറുകളെന്ന് കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍, പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍, അതല്‍പ്പം കൂടുതലാണെന്നും കൃഷ്ണ പറയുന്നു.
എന്നാല്‍ ഇനിയും അങ്ങനെ തമാശയുടെ ഇരകളാകാന്‍ ഒരുക്കമല്ല എന്ന തീരുമാനത്തില്‍ നിന്നാണ് കൃഷ്ണ ഇസ്ത സ്റ്റാന്റ് അപ് കൊമേഡിയനാകുന്നത്.
ആരുടെയും കുറവുകളെ പരിഹസിക്കാതെ, മുറിപ്പെടുത്താതെ തമാശ പറയണം എന്നതാണ് കൃഷ്ണയുടെ രീതി. സ്വന്തം നിരീക്ഷണങ്ങളും അനുഭവങ്ങളുമൊക്കെയാണ് തമാശകളായി വേദിയില്‍ വരുന്നത്. ഒപ്പം രാഷ്ട്രീയവും.

Source: Supplied
ഇനി യാത്ര കേരളത്തിലേക്ക്
സിഡ്‌നി മാര്‍ഡി ഗ്രാ ആഘോഷത്തിലെ പരിപാടികള്ക്ക് ശേഷം മെല്‍ബണ്‍ രാജ്യാന്തര കോമഡി ഫെസ്റ്റിവലില്‍ ഉള്‍പ്പെടെ പരിപാടി അവതരിപ്പിക്കുന്നുണ്ട്.
ഈ വര്‍ഷം അവസാനം കേരളത്തിലേക്കും യാത്രയുണ്ടെന്ന് കൃഷ്ണ പറയുന്നു. പരിപാടി അവതരിപ്പിക്കാനല്ല, ഏറെ നാളിനു ശേഷം കേരളം വീണ്ടും കാണാന്‍.
ബംഗളുരുവില്‍ ജീവിക്കുന്ന അമ്മ കേരളത്തിലെ വിശേഷങ്ങളും, LGBTIQ സമൂഹത്തിലുണ്ടാകുന്ന നേട്ടങ്ങളുമെല്ലാം എപ്പോഴും അറിയിക്കുന്നുണ്ട്. കേരളത്തില്‍ ഒരു പരിപാടി അവതരിപ്പിക്കണം എന്നും ആഗ്രമുണ്ട് കൃഷ്ണയ്ക്ക്.
പെണ്‍കുട്ടിയില്‍ നിന്ന് ആണ്‍കുട്ടിയിലേക്ക്..
എങ്ങനെയാണ് കൃഷ്ണ ഇസ്ത ട്രാന്‍സ്ജന്‍ഡര്‍ എന്ന് സ്വയം തിരിച്ചറിഞ്ഞത്? കൃഷ്ണ മേനോന്‍ എങ്ങനെ കൃഷ്ണ ഇസ്തയായി മാറി?
ഇതേക്കുറിച്ച് കൃഷ്ണ വിശദീകരിക്കുന്നത് കേള്‍ക്കാം
LISTEN TO

തമാശയാകാനല്ല, തമാശ പറയാന്‍: ലോകമറിയുന്ന മലയാളി ട്രാന്‍സ്ജന്റര്‍ സ്റ്റാന്റപ്പ് കൊമേഡിയന്‍
SBS Malayalam
16:41