ഓസ്‌ട്രേലിയയിൽ കുടിയേറിയെത്തിയ മാതാപിതാക്കളേക്കാൾ എളുപ്പത്തിൽ ഓസീ ശൈലിയിലേക്ക് കുട്ടികൾ മാറുന്നുണ്ടോ?
അതെ എന്നാണ് മാതാപിതാക്കളുടെ അഭിപ്രായം.
ഒന്നോ രണ്ടോ വര്ഷം ഓസ്‌ട്രേലിയൻ സ്കൂളിൽ പോയിട്ടുള്ള കുട്ടികളുടെ ജീവിതശൈലിയിൽ മാറ്റം കണ്ടു തുടങ്ങുന്നതായി മാതാപിതാക്കൾ പറയുന്നു.
എന്നാൽ നിരവധി വർഷങ്ങൾ ഓസ്‌ട്രേലിയയിൽ ജീവിച്ച മാതാപിതാക്കളിൽ ഈ മാറ്റങ്ങൾ പ്രതിഫലിക്കുന്നില്ല എന്നാണ് എസ് ബി എസ് മലയാളം സംസാരിച്ച എല്ലാ മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നത്.
അഞ്ചു വയസ്സ് മുതൽ കുട്ടികൾ ഓസ്‌ട്രേലിയൻ ഫുട്‍ബോളായ ഫൂട്ടി കളിക്കാൻ തുടങ്ങിയ കാര്യം ഇരുപത്തിരണ്ട് വർഷം മുൻപ് ഓസ്‌ട്രേലിയയിലെത്തിയ അഡ്‌ലൈഡിലുള്ള ദീന സജു ചൂണ്ടിക്കാട്ടുന്നു.
ഫൂട്ടി കളിക്കുന്നത് ഇവിടെയുള്ള സമൂഹവുമായി ഇഴുകിച്ചേരുന്നതിൽ വലിയ പങ്കു വഹിച്ചതായി ദീന പറയുന്നു.
ഇവിടെ വർഷങ്ങളോളം ജീവിച്ച ശേഷവും കുടിയേറിയെത്തിയ മാതാപിതാക്കൾക്ക് ഫൂട്ടിയോട് വലിയ താൽപര്യം ഉണ്ടാകണമെന്നില്ല. എന്നാൽ കുട്ടികൾക്കൊപ്പം ഫൂട്ടി മത്സരങ്ങൾക്ക് പോകുന്നത് ഒരു പതിവായി മാറിയെന്നും ദീന പറയുന്നു.

Abe Abraham playing his favourite sport. Source: Supplied
ഓസ്‌ട്രേലിയൻ രീതികളിലേക്ക് കുട്ടികൾ മാറുന്നതിന് മറ്റൊരു ഉദാഹരണമാണ് ഇവിടെ ജനിച്ചു വളരുന്ന കുട്ടികളുടെ ഭക്ഷണ രീതികളിലെ വ്യത്യാസം.
കുടിയേറിയെത്തിയിട്ടുള്ള പല മാതാപിതാക്കളിലും വെജിമൈറ്റ് ഉപയോഗിച്ച് കുട്ടികൾ ടോസ്സ്റ്റ് കഴിക്കുന്നത് പലപ്പോഴും ആശ്ചര്യം ഉണർത്താറുണ്ട്. ഒമ്പത് വയസ്സുള്ള മകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രേക്ക്ഫാസ്റ്റ് വെജിമൈറ്റ് ടോസ്റ്റ് ആണെന്ന് മെൽബണിലുള്ള ആമി ലിയോ പറയുന്നു.
എന്റെ ഒമ്പത് വയസ്സുള്ള മകളും പതിനാറ് വയസ്സുള്ള മകളും ഞങ്ങളേക്കാൾ എത്രയോ കൂടുതൽ ഓസിയായി കഴിഞ്ഞിരിക്കുന്നു.

Aida Ann Leo enjoying her favourite breakfast Source: Supplied
എന്നാൽ ഓസ്‌ട്രേലിയയിൽ നിരവധി വർഷം ജീവിച്ചിട്ടും തനിക്ക് വന്നിരിക്കുന്ന മാറ്റങ്ങൾ താരതമ്യേന കുറവാണെന്ന് അദ്ദേഹം പറയുന്നു.
ഓസ്‌ട്രേലിയയിൽ കണ്ടു വരുന്ന ഹാലോവീൻ ആഘോഷവുമെല്ലാം കുട്ടികൾ ആസ്വദിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇതിനുപുറമെ പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികൾ മാതാപിതാക്കൾക്ക് പലപ്പോഴും മാതൃകയാകുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Halloween celebrations Source: Supplied
ഓസ്‌ട്രേലിയയിൽ പ്ലാസ്റ്റിക് മാലിന്യത്തിനും മറ്റ് മാലിന്യങ്ങൾക്കും പ്രത്യേക ബിന്നുകൾ ഉപയോഗിക്കാറുണ്ട്. സ്കൂളുകളിൽ നിന്ന് പഠിക്കുന്ന ഇത്തരം കാര്യങ്ങൾ മാതാപിതാക്കളേക്കാൾ ഗൗരവത്തോടെ കുട്ടികൾ കണക്കിലെടുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Aneesh Sadananth supporting Indian team while his kids all for Australia at a cricket match Source: Supplied