ക്രിസ്ത്മസ് ദിനത്തില്‍ ഉച്ചയ്ക്ക് അഡ്‌ലൈഡില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന മലിന്റോ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റെടുത്തവര്‍ക്കാണ് ക്രിസ്ത്മസ് അത്ര ഹാപ്പിയല്ലാതായത്.
യാത്രക്കാരുടെ ബോര്‍ഡിംഗ് കഴിഞ്ഞ് റണ്‍വേയിലേക്കിറങ്ങിയ വിമാനം യന്ത്രത്തകരാറു കാരണം തിരിച്ചുവരികയായിരുന്നു.
18 മലയാളികളുള്‍പ്പെടെ നിരവധി യാത്രക്കാരുണ്ടായിരുന്നു ഈ വിമാനത്തില്‍.
അഡ്‌ലൈഡില്‍ നിന്ന് ക്വാലാലംപൂരിലേക്കെത്തിയ ശേഷം, അന്നു തന്നെ തിരുവനന്തപുരത്തേക്ക് അടുത്ത വിമാനത്തില്‍ പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെന്ന് യാത്രക്കാരനായ ജോണ്‍ ജേക്കബ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
ക്രിസ്ത്മസ് ദിനത്തില്‍ രാത്രി 11 മണിയോടെ വീട്ടിലെത്തി കുടുംബത്തിന് ഒരു അപ്രതീക്ഷിത ക്രിസ്ത്മസ് സമ്മാനം നല്‍കാനായിരുന്നു ജോണ്‍ ജേക്കബിന്റെ പദ്ധതി.
പക്ഷേ വിമാനം റദ്ദാക്കിയ മലിന്റോ എയര്‍ലൈന്‍സ് അധികൃതര്‍ക്ക്, മറ്റൊരു ബദല്‍ മാര്‍ഗ്ഗവും സജ്ജമാക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലേഷ്യയില്‍ നിന്ന് സാങ്കേതിക വിദഗ്ധന്‍ എത്തിയാല്‍ മാത്രമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍വീസ് റദ്ദാക്കിയത്.
ഡിസംബര്‍ 26ന് ഇതേ വിമാനം തകരാര്‍ പരിഹരിച്ച് സര്‍വീസ് നടത്തിയെങ്കിലും, ക്വലാലംപൂരില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടാന്‍ 24 മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുമെന്ന് അറിയിച്ചതായും യാത്രക്കാര്‍ പറഞ്ഞു.
അത്രയും സമയം ക്വാലാലംപൂരില്‍ തങ്ങാന്‍ സൗകര്യങ്ങളൊന്നും വിമാനക്കമ്പനി ഏര്‍പ്പെടുത്തിയിട്ടില്ലെന്നും യാത്ര പുറപ്പെടും മുമ്പ് യാത്രക്കാര്‍ ചൂണ്ടിക്കാട്ടി.
ഫ്‌ളൈറ്റ് റദ്ദായതോടെ ഉണ്ടായ ആശയക്കുഴപ്പങ്ങളെക്കുറിച്ചും, വ്യക്തിപരമായ നഷ്ടങ്ങളെക്കുറിച്ചും അഡ്‌ലൈഡ് മലയാളി ജോണ്‍ ജേക്കബ് സംസാരിക്കുന്നത് കേള്‍ക്കാം.
LISTEN TO

അവസാനനിമിഷം വിമാനം റദ്ദാക്കി: ക്രിസ്ത്മസ് ദിനത്തിലെ യാത്ര മുടങ്ങി അഡ്‌ലൈഡ് മലയാളികള്‍
SBS Malayalam
09:33