ലിംഗസമത്വം ഉറപ്പാക്കാനായി ഓരോരുത്തരും മുന്നോട്ടുവരിക എന്ന സന്ദേശവുമായി ‘ഈച് ഫോർ ഇക്വൽ’ എന്ന പ്രമേയവുമായാണ് ഇത്തവണ വനിതാദിനം ആഘോഷിക്കുന്നത്.
ഓസ്‌ട്രേലിയയിൽ മലയാളി സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമാകുന്ന ചില മേഖലകളുണ്ട്. നഴ്‌സിംഗ്, ചൈൽഡ്‌കെയർ തുടങ്ങിയ മേഖലകളിൽ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളുടെ സാന്നിധ്യമാണ് കണ്ടുവരുന്നത്.
എന്നാൽ മലയാളി സ്ത്രീകൾ കടന്നുവരാൻ മടിക്കുന്ന ചില മേഖലകളുമുണ്ട്.
ബസ് ഡ്രൈവർ, ട്രക്ക് ഡ്രൈവർ, ഊബർ ഡ്രൈവർ തുടങ്ങിയ തൊഴിലുകൾ കേരളത്തിൽ കൂടുതലായും പുരുഷന്മാർ കൈകാര്യം ചെയ്യുന്നവയാണ്. അതുകൊണ്ട് തന്നെ അത്തരം മേഖലകളിലേക്ക് കടന്നു വരാൻ ഇവിടെയും മലയാളി സ്ത്രീകൾ പൊതുവെ മടിക്കാറുണ്ട്.
അത്തരത്തിൽ മലയാളി സ്ത്രീ സാന്നിധ്യം കുറവുള്ള ചില മേഖലകളിൽ ജോലി ചെയ്ത് മറ്റുള്ള സ്ത്രീകൾക്കും പ്രചോദനം നൽകുന്ന ചില ഓസ്‌ട്രേലിയൻ മലയാളി സ്ത്രീകളെ പരിചയപ്പെടുത്തുകയാണ് ഈ വനിതാദിനത്തിൽ എസ് ബി എസ് മലയാളം.
മെൽബണിൽ ബസ് ഡ്രൈവർ ആയി ജോലി ചെയ്യുന്നയാളാണ് സിതാര ബേബി. പബ്ലിക് ട്രാൻസ്‌പോർട്ട് ഡ്രൈവറായി തുടങ്ങിയ സിതാര ഇപ്പോൾ സ്കൂൾ ബസ് ആണ് ഓടിക്കുന്നത്. ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം ഡ്രൈവിംഗ് പഠിച്ച തനിക്ക് വലിയ വാഹനങ്ങളോട് തോന്നിയ ആകർഷണമാണ് ഈ ജോലി തെരഞ്ഞെടുക്കാൻ കാരണമെന്ന് സിതാര ബേബി പറയുന്നു.
താൻ ബസ് ഓടിക്കുന്നു എന്നത് വളരെ അത്ഭുതത്തോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നോക്കികാണുന്നതെന്ന് സിതാര പറയുന്നു. ഓസ്‌ട്രേലിയയിൽ എത്തിയതുമുതൽ ബസ് ഓടിക്കുന്നത് കൗതുകത്തോടെയാണ് കണ്ടിരുന്നത്. താൻ ഡ്രൈവ് ചെയ്യുമ്പോഴും ഇതേ കൗതുകത്തോടെ പലരും തന്നെ നോക്കാറുണ്ടെന്നും ഇത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും സിതാര പറയുന്നു.

Source: Supplied
പുരുഷ സാന്നിധ്യം കൂടുതലായുള്ള മേഖലയാണ് ജിമ്മിലും മറ്റുമുള്ള ഫിറ്റ്നസ് ഇൻസ്ട്രക്റ്റർ എന്നത്. മറ്റു പല കുടിയേറ്റ സമൂഹങ്ങളിലെയും സ്ത്രീകൾ ഇതിലുണ്ടെങ്കിലും, ഇന്ത്യൻ വംശജർ അപൂർവമാണ്. ഇവിടെയും മലയാളി സ്ത്രീ സാന്നിധ്യം തെളിച്ചിരിക്കുകയാണ് അഡ്‌ലൈഡിലെ ഒരു ജിമ്മിൽ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ആൻഡ് പേർസണൽ ട്രെയിനർ ആയ അനുജ ടോണി വർഗീസ്.
ചൈനീസ് ആയോധനകലയായ തായ് ചി, ഫിറ്റ്ബോൾ ഡ്രമ്മിങ്, എയ്‌റോബിക്സ് തുടങ്ങി ജിമ്മിൽ എത്തുന്നവർക്ക് വേണ്ട ആരോഗ്യ പരിശീലനങ്ങളെല്ലാം നടത്തുകയാണ് അനുജ. ഫിസിയോതെറാപിസ്റ്റ് ആയ അനുജ, ഓസ്‌ട്രേലിയിൽ ആരോഗ്യ പരിപാലനത്തിന്റെ ആവശ്യകത മനസിലാക്കിയാണ് ഈ മേഖലയിൽ ജോലി തുടങ്ങിയത്.
ഫിറ്റ്നസ് ഇൻസ്ട്രക്ടർ ആകാൻ മസിലും വലിയ വലിപ്പവും ഒന്നും ആവശ്യമില്ലെന്ന് പറയുകയാണ് അഞ്ച് വര്ഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന അനുജ.

Source: Supplied
വീട് നിർമ്മാണമേഖലയിലും മലയാളി പുരുഷന്മാർ നിരവധിയുണ്ടെങ്കിലും ഇവിടെയും മലയാളി സ്ത്രീകളുടെ സാന്നിധ്യം അത്ര ശ്രദ്ധേയമല്ല. ഈ മേഖലയിലെ വനിതാ സാന്നിധ്യമാണ് മെൽബണിലുള്ള ദിവ്യ വിവേക്.
ബിൽഡർ ആയ ദിവ്യക്ക് നിർമ്മാണ മേഖലയിലുള്ള പ്രവർത്തിപരിചയമാണ് ഈ ജോലി ചെയ്യാൻ പ്രേരണയായതെന്ന് ദിവ്യ പറയുന്നു.
ശിവം ഹോംസ് എന്ന പേരിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങിയ ദിവ്യക്ക് സഹപ്രവർത്തകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Source: Supplied
ഒരു സ്ത്രീ ഈ മേഖലയിൽ ജോലി ചെയ്യുമ്പോൾ കൂടുതൽ വിശ്വാസ്യത ലഭിക്കുന്നതായി തോന്നാറുണ്ടെന്നും ദിവ്യ പറയുന്നു.
ഈ മേഖലകളിൽ ഇവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാകാം? അവരുടെ വാക്കുകൾ ഇവിടെ കേൾക്കാം...
LISTEN TO

ഇന്ന് ലോക വനിതാദിനം: പുത്തൻ തൊഴിൽമേഖലകളിലേക്ക് ചുവടുവച്ച് ഓസ്ട്രേലിയൻ മലയാളിവനിതകൾ
SBS Malayalam
11:21