മാസത്തിൽ ഒരിക്കൽ നടത്തുന്ന ഷോപ്പിംഗിലൂടെ അരിയും, പലവ്യഞ്ജനങ്ങളുമുൾപ്പെടെ ഇന്ത്യൻ സ്റ്റോറുകളിൽ നിന്ന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങുന്നയാളാണ് ക്വീൻസ്ലാന്റ് കാബൂൾച്ചറിലുള്ള ദിവ്യ സഞ്ജിത്ത്.
എന്നാൽ ഈ മാസം ഷോപ്പിംഗിനായി കടയിലെത്തിയ ദിവ്യക്ക് കാണാനായത് ഒഴിഞ്ഞ ഷെൽഫുകൾ മാത്രമാണ്.
അരിയും പയറും ഉൾപ്പെടെ മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അവശ്യസാധനങ്ങളൊന്നും കിട്ടാനില്ലെന്ന് ദിവ്യ പറയുന്നു.

Image at representation only. Source: SBS Malayalam
ക്ഷാമകാലമോ?
ഇത് ദിവ്യ സഞ്ജിത്തിന്റെ മാത്രം അനുഭവമല്ല. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലും ഇതേ സാഹചര്യമുണ്ട്.
വൂൾവർത്സും കോൾസുമുൾപ്പെടെയുള്ള പ്രമുഖ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റ് ശൃംഖലകളിലേതിന് സമാനമായ സാഹചര്യമാണ് ഇന്ത്യൻ കടകളിലും.

Source: SBS
മാത്രമല്ല, പല അവശ്യവസ്തുക്കളുടെയും വില ഉയരുകയും ചെയ്തിട്ടുണ്ട്.
സിഡ്നിയിലെ ഒരു ഇന്ത്യൻ സ്റ്റോറിൽ പല അവശ്യവസ്തുക്കളുടെയും വിലയിൽ 10 മുതൽ 20 ശതമാനം വരെ വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
ഏതാനും ആഴ്ചകൾക്ക് മുമ്പു വരെ 10 കിലോഗ്രാം പാക്കറ്റിന് 12.50 ഡോളർ വിലയുണ്ടായിരുന്ന ആട്ട (ഗോതമ്പുമാവ്) ഇപ്പോൾ 15 ഡോളറായി ഉയർന്നു. വർദ്ധിച്ചിരിക്കുന്നത് വിലയുടെ 20 ശതമാനം.
സോനാ മസൂരി അരിയുടെ വില 25 കിലോഗ്രാം പാക്കറ്റിന് 42 ഡോളറായിരുന്നത് ഇപ്പോൾ 46 ഡോളറാണ്. പത്തു ശതമാനം വില വർദ്ധനവ്.
മെൽബണിലെ ഒരു ഇന്ത്യൻ സ്റ്റോറിൽ അഞ്ചു കിലോ പാലക്കാടൻ മട്ട അരിയുടെ വില 10 ഡോളറിൽ നിന്ന് 12 ഡോളറായി ഉയർന്നു
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ള ഇന്ത്യൻ-ശ്രീലങ്കൻ കടകളിലെ സ്ഥിതിയും സമാനമാണ്.

Source: SBS Malayalam
കൊറോണവൈറസ് ബാധയുടെ സാഹചര്യം മുതലെടുത്ത് ഇത്തരം കടകൾ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാണ്.
എന്നാൽ അവസരം മുതലെടുക്കാൻ ശ്രമിക്കുന്നതല്ലെന്നും, സ്വാഭാവികമായുണ്ടാകുന്ന ക്ഷാമമാണ് ഇതെന്നും കടയുടമകൾ പറയുന്നു.
പൊതുവിപണിയിൽ കാണുന്നതുപോലെ പരിഭ്രാന്തിയിൽ ജനങ്ങൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതാണ് ഇന്ത്യൻ സ്റ്റോറുകളിലെയും ക്ഷാമത്തിന് കാരണമെന്ന് മെൽബണിലെ ഔർ സ്പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമ റെജി ഡാനിയൽ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
വിതരണക്കാർ വില കൂട്ടിയതാണ് കടകളിലും പ്രതിഫലിക്കുന്നതെന്നും റെജി ഡാനിയൽ ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയൻ ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് വില വർദ്ധിക്കാൻ കാരണം എന്നാണ് ഇന്ത്യൻ സാധനങ്ങളുടെ വിതരണക്കാരായ രശ്മി ഇന്റർനാഷണലിന്റെ ഡയറക്ടർ പയസ് തോമസ് പറയുന്നത്.
ഇന്ത്യൻ രൂപയ്ക്കെതിരെ ഡോളറിന്റെ മൂല്യം 42 വരെയായി ഇടിഞ്ഞിരുന്നു.
ഈ സാഹചര്യത്തിൽ വിലയിൽ അഞ്ചു മുതൽ ഏഴു ശതമാനം വരെ വർദ്ധനവ് വരുത്താതെ ബിസിനസ് നിലനിൽക്കില്ലെന്നും പയസ് തോമസ് പറഞ്ഞു.
തീരത്ത് കപ്പലടുക്കുമോ?
അതിർത്തികളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സർക്കാർ നടപടി മൂലം കപ്പർമാർഗം ചരക്കുനീക്കം നടക്കാത്തതാണ് സാധനക്ഷാമത്തിനും വില കൂടാനും കാരണമെന്നുമുള്ള സന്ദേശങ്ങളും വ്യാപിക്കുന്നുണ്ട്.
വിലവർദ്ധനവിന്റെയും ക്ഷാമത്തിന്റെയും കാരണങ്ങളിലൊന്നായി സിഡ്നിയിലെ ഇന്ത്യൻ സൂപ്പർമാർക്കറ്റുകളിലൊന്നായ ഉദയ അവരുടെ ഫേസ്ബുക്ക് പേജിൽ ഈ കാരണം വിശദീകരിച്ചിട്ടുമുണ്ട്. ഓസ്ട്രേലിയയിലേക്ക് സാധനങ്ങൾ വരുന്നതിനുള്ള നിയന്ത്രണങ്ങളും ഡോളർ മൂല്യമിടിഞ്ഞതുമാണ് വില കൂടാൻ കാരണം എന്നാണ് അവർ പറയുന്നത്.
ഇതിന്റെ വാസ്തവം എന്തെന്ന കാര്യവും എസ് ബി എസ് മലയാളം പരിശോധിച്ചു.

Source: Sourced from Facebook
ഓസ്ട്രേലിയയിലേക്ക് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിൽ ഇതുവരെയും ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല എന്നാണ് കൃഷിവകുപ്പ് വ്യക്തമാക്കിയത്.
ഓസ്ട്രേലിയയിലേക്ക് ചരക്കുകപ്പലുകൾ എത്തുന്നതിനും ദേശീയതലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച വിലക്കുകൾ ക്രൂസ് കപ്പലുകൾക്ക് മാത്രമാണ് ബാധകം.
എന്നാൽ ക്വീൻസ്ലാന്റ് സർക്കാർ മാത്രം ചരക്കു കപ്പലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു രാജ്യത്ത് നിന്ന് പുറപ്പെട്ട് 14 ദിവസം കഴിഞ്ഞിട്ടു മാത്രമേ ചരക്കു കപ്പലുകൾ ക്വീൻസ്ലാന്റിലെ ഒരു തുറമുഖത്തേക്ക് അടുപ്പിക്കാൻ പാടുള്ളൂ എന്നാണ് മാരിടൈം സേഫ്റ്റി ക്വീൻസ്ലാന്റ് നൽകിയിട്ടുള്ള ഉത്തരവ്.
മറ്റു സംസ്ഥാനങ്ങളിൽ ചരക്കു കപ്പലുകൾ അടുക്കുന്നതിൽ നിയന്ത്രണമില്ല. കപ്പലിലെ ജീവനക്കാർ തീരത്തേക്ക് ഇറങ്ങരുത് എന്ന് മാത്രമാണ് നിർദ്ദേശം.
അതേസമയം, തുറമുഖങ്ങളിൽ ജീവനക്കാരുടെ അഭാവം ഇറക്കുമതിയെ ബാധിക്കുന്നുണ്ടെന്ന് മാരിടൈം യൂണിയൻ ഓഫ് ഓസ്ട്രേലിയ വ്യക്തമാക്കി. കണ്ടെയിനറുകളിൽ നിന്ന് സാധനങ്ങൾ പുറത്തേക്കിറക്കുന്നതിനും മറ്റും ജീവനക്കാരുടെ അഭാവമുണ്ട്.
എന്നാൽ, ഓസ്ട്രേലിയയിലേക്ക് കപ്പലുകളിൽ എത്തുന്ന ഉത്പന്നങ്ങൾക്ക് കൊവിഡ്-19 പശ്ചാത്തലത്തിൽ അധിക ക്വാറന്റൈൻ നടപടികളോ പരിശോധനകളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശ്യാംലാൽ കൈപ്ലാക്കൽ പറഞ്ഞു.
ഉത്പന്നങ്ങളുടെ പരിശോധന നടത്തുന്ന സൗത്ത് ഓസ്ട്രേലിയൻ അനലറ്റിക്കൽ ലബോറട്ടറിയിലെ ലബോറട്ടറി മാനേജരാണ് മൈക്രോബയോളജിസ്റ്റ് കൂടിയായ ശ്യാംലാൽ.
ഇന്ത്യൻ കടകളിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിശദമായി റിപ്പോർട്ട് ഇവിടെ കേൾക്കാം.
LISTEN TO

ഇന്ത്യൻ സ്റ്റോറുകളിലെ വിലവർദ്ധനവിനും ഉത്പന്നക്ഷാമത്തിനും കാരണമെന്ത്? SBS അന്വേഷണം
SBS Malayalam
12:52