ക്വീൻസ്ലാന്റ് കാറപകടം: ഗുരുതരാവസ്ഥയിലായിരുന്ന എട്ടുവയസുകാരൻ മരിച്ചു; സംസ്കാരം ബ്രിസ്ബൈനിൽ

ക്വീൻസ്ലാന്റിൽ കാറപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന എട്ടു വയസുള്ള മലയാളിബാലൻ മരിച്ചു. ഒന്നര ആഴ്ചയിലേറെ ICUവിലായിരുന്ന ക്രിസ് ഔസേപ്പ് ബിപിനാണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.

News

Source: Supplied

ക്വീൻസ്ലാന്റിലെ ടൂവൂംബയ്ക്കടുത്ത് ജൂലൈ 22ന് ഉണ്ടായ കാറപകടത്തിൽ മലയാളി കുടുംബത്തിലെ രണ്ടംഗങ്ങൾ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.

NSWലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് വീടുമാറിപ്പോയ ബിപിൻ-ലോട്സി ദമ്പതികളുടെ കുടുംബമാണ് അപകടത്തിൽപ്പെട്ടത്.

കാറും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35കാരിയായ ലോട്സി ജോസും, ആറുവയസുള്ള മകൾ കേറ്റ്ലിൻ ബിപിനുമാണ് സംഭവസ്ഥലത്ത് മരിച്ചിരുന്നത്.

അപകടത്തിൽ പരുക്കേറ്റ ബിപിനെയും രണ്ട് ആൺകുട്ടികളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.
Community raises $300K overnight to help family that met with fatal accident
Source: Supplied/Toowoomba Malayalee Community
ഇതിൽ മൂത്ത കുട്ടിയായ ക്രിസിന്റെ നില ഗുരുതരമായി തുടരുന്നു എന്നായിരുന്നു ക്വീൻസ്ലാന്റ് ചിൽഡ്രൻസ് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസങ്ങളിലും അറിയിച്ചിരുന്നത്.

എന്നാൽ ചൊവ്വാഴ്ച പുലർച്ചെ ക്രിസും മരണത്തിന് കീഴടങ്ങിയതായി ക്വീൻസ്ലാന്റ് പൊലീസ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. 

വെന്റിലേറ്ററിലായിരുന്ന  ക്രിസിനെ അതിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
എട്ടു വയസ് പൂർത്തിയായി ദിവസങ്ങൾക്കകമാണ് ക്രിസും മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
ജൂലൈ 29നായിരുന്നു ക്രിസിന്റെ ജന്മദിനം. 

നാലു മാസം മുമ്പു മാത്രമായിരുന്നു ബിപിനും മക്കളും ഓസ്ട്രേലിയയിലേക്ക് എത്തിയത്.

ലോട്സിക്ക് പുതിയ ജോലി ലഭിച്ചതിനെ തുടർന്നാണ് ഓറഞ്ചിൽ നിന്ന് ബ്രിസ്ബൈനിലേക്ക് വീടു മാറാൻ ഇവർ തീരുമാനിച്ചിരുന്നത്.
അപകടകാരണം എന്താണ് എന്നത് കണ്ടെത്താനുള്ള ഫോറൻസിക് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.   

അവയവങ്ങ ദാനം ചെയ്യും

ക്രിസിന്റെ അവയങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചതായി അടുത്ത ബന്ധു മാർട്ടിൻ മാത്യു എസ് ബി എസ് മലയാളത്തോട് പറഞ്ഞു. ആശുപത്രി വഴിയാകും അവയവദാനം നടത്തുകയെന്നും മാർട്ടിൻ അറിയിച്ചു. 

കൊറോണർ അന്വേഷണം കഴിഞ്ഞ ശേഷമാകും അവയവദാനത്തിന്റെ നടപടിക്രമങ്ങൾ. 

ലോട്സിയുടെയും കേറ്റ്ലിൻന്റെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബ്രിസ്ബൈനിൽ തന്നെയായിരിക്കും സംസ്കാരമെന്ന് മാർട്ടിൻ പറഞ്ഞു. തീയതി പിന്നീടു മാത്രമേ തീരുമാനിക്കൂ. 

മൂന്നു വയസുള്ള ഇളയ ആൺകുട്ടിയുടെയും  ബിപിന്റെയും നില മെച്ചപ്പെട്ടതായും, ചൊവ്വാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമെന്നും മാർട്ടിൻ മാത്യു എസ് ബി എസ് മലയാളത്തോട് പറഞ്ഞു. 


Share
Published 3 August 2021 4:42pm
Updated 3 August 2021 5:30pm
By Delys Paul

Share this with family and friends