ഓസ്ട്രേലിയയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തിരികെ കൊണ്ടുപോകാനായി എട്ട് എയർ ഇന്ത്യ വിമാനങ്ങളാണ് രണ്ടാം ഘട്ടമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂൺ 17 മുതൽ 24 വരെയാണ് ഈ വിമാനങ്ങൾ.
നാലു വിമാനങ്ങൾ ഡൽഹിയിലേക്കും നാലു വിമാനങ്ങൾ മറ്റു നഗരങ്ങളിലേക്കുമുണ്ട്.
സിഡ്നിയിൽ നിന്ന് ജൂൺ 23ന് കൊച്ചിയിലേക്കും വിമാനം പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വിമാനങ്ങളിൽ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർ കോൺസുലേറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു.
, , എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെ വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ആദ്യ ഘട്ടത്തിൽ ഹൈക്കമ്മീഷനിൽ രജിസ്റ്റർ ചെയ്തവരും ഇനി അവസരം കിട്ടണമെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടിവരും.
കോൺസുലേറ്റുകളിൽ ഇമെയിൽ മുഖനേയും മറ്റും ബന്ധപ്പെട്ടവരും രജിസ്റ്റർ ചെയ്യണം.
ജൂൺ എട്ട് തിങ്കളാഴ്ച വരെയാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക.
ഓസ്ട്രേലിയയിൽ കഴിയുന്ന ഇന്ത്യൻ പൗരൻമാർക്കും, നിർദ്ദിഷ്ട സാഹചര്യങ്ങളിലുള്ള OCI കാർഡുടമകൾക്കും രജിസ്റ്റർ ചെയ്യാൻ കഴിയും.
ആദ്യഘട്ടത്തിൽ പതിനായിരത്തോളം പേർ രജിസ്റ്റർ ചെയ്തെങ്കിലും 1600ഓളം പേർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അവസരം കിട്ടിയത്. അതായത്, ബാക്കിയുള്ളവർ യാത്ര ചെയ്യാൻ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടിവരും.
എട്ടു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രക്കാരെ തെരഞ്ഞെടുക്കുന്നതെന്ന് നേരത്തേ ഹൈക്കമ്മീഷൻ വ്യക്തമാക്കിയിരുന്നു.