ജനുവരി 26 നുള്ള ഓസ്ട്രേലിയ ഡേയോടനുബന്ധിച്ചും, കോമൺവെൽത്ത് തലവനായ ബ്രിട്ടീഷ് രാജാവിൻറെ ജൻമദിനത്തോടനുബന്ധിച്ചുമാണ് ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതികൾ പ്രഖ്യാപിക്കുന്നത്.
കുടിയേറ്റ സമൂഹത്തിൽ നിന്നുള്ളവർക്ക് ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതികൾ ലഭിക്കുന്നത് താരതമ്യേന കുറവാണെങ്കിലും ചിലപ്പോഴൊക്കെ മലയാളികളും ഈ ബഹുമതി പട്ടികയിൽ ഇടം പിടിക്കാറുണ്ട്.
ഇതിനർത്ഥം മികച്ച സേവനമോ ശ്രദ്ധേയമായ നേട്ടമോ കൈവരിച്ച മലയാളികൾ ഇല്ല എന്നല്ല, മറിച്ച്, അർഹരായവരുടെ നോമിനേഷൻ പുരസ്കാര നിർണ്ണയ സമിതിക്ക് ലഭിച്ചിട്ടില്ല എന്നാണ്.
ഇതുവരെ പ്രഖ്യാപിച്ച ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങളിൽ അഞ്ചിലൊന്നിൽ താഴെ മാത്രമാണ് കുടിയേറ്റ സമൂഹങ്ങളിൽ നിന്നുള്ളവർക്ക് ലഭിച്ചിരിക്കുന്നത്.
1975 മുതൽ വിതരണം ചെയ്ത ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ (AO) ലഭിച്ച 40,000 ഓസ്‌ട്രേലിയക്കാരിൽ ഭൂരിഭാഗവും ഇംഗ്ലീഷ് വംശജരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ ആർക്കൊക്കെ ലഭിക്കും, ആർക്കാണ് നാമനിർദ്ദേശം ചെയ്യാൻ കഴിയുക എന്നതടക്കമുള്ള കാര്യങ്ങളിൽ കുടിയേറ്റ സമൂഹങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്ന് ഫെഡറേഷൻ ഓഫ് എത്‌നിക് കമ്മ്യൂണിറ്റീസ് കൗൺസിൽസ് ഓഫ് ഓസ്‌ട്രേലിയ സിഇഒ മുഹമ്മദ് അൽ ഖഫാജി എസ്ബിഎസ് ന്യൂസിനോട് പറഞ്ഞു.
കുടിയേറ്റ സമൂഹങ്ങളിൽ നിന്നുള്ള ആളുകളെ നാമനിർദ്ദേശം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും മുഹമ്മദ് അൽ ഖഫാജി ചൂണ്ടിക്കാട്ടി.
എന്താണ് ഓർഡർ ഓഫ് ഓസ്ട്രേലിയ
സമൂഹത്തിൽ മികച്ച സേവനമോ, അസാധാരണ നേട്ടമോ കൈവരിച്ച ഓസ്‌ട്രേലിയക്കാർക്ക് നൽകുന്ന പുരസ്കാരമാണ് ഓർഡർ ഓഫ് ഓസ്‌ട്രേലിയ.
- കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ (AC)
- ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ (AO)
- ഓർഡർ ഓഫ് ദി ഓസ്‌ട്രേലിയയിലെ അംഗം (AM)
- മെഡൽ ഓഫ് ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ (OAM)
പൊതുവേയുള്ള ഈ നാല് വിഭാഗങ്ങൾക്ക് പുറമെ സൈനീക സേവനവുമായി ബന്ധപ്പെട്ടുള്ള വിഭാഗവും ഓർഡർ ഓഫ് ഓസ്ട്രേലിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓസ്ട്രേലിയൻ പ്രതിരോധ വകുപ്പാണ് ഈ വിഭാഗത്തിലെ പുരസ്കാരങ്ങൾക്കുള്ള നോമിനേഷനുകൾ സമർപ്പിക്കുന്നത്.
ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്കാരത്തിനായി ഒരാളെ എങ്ങനെ നാമനിർദ്ദേശം ചെയ്യാം?
ഓസ്ട്രേലിയൻ പൗരനോ പെർമനൻറ് റസിഡൻറോ ആയ ആരെയും ആർക്ക് വേണമെങ്കിലും പുരസ്കാരങ്ങൾക്കായി ശുപാർശ ചെയ്യാം.
വർഷത്തിൽ എപ്പോൾ വേണമെങ്കിലും നോമിനേഷൻ സമർപ്പിക്കാൻ സാധിക്കും.
നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി സമൂഹത്തിന് വേണ്ടി ചെയ്ത സേവനങ്ങളും, അസാധാരണ നേട്ടങ്ങളും ഉദാഹരണ സഹിതം നോമിനേഷൻ ഫോമിൽ വ്യക്തമാക്കേണ്ടത് വളരെ പ്രധാനമാണ്.
കൂടാതെ നോമിനേഷനെ പിന്താങ്ങുന്നതിനായി നാല് പേരുടെ വിവരങ്ങൾ കൂടി സമർപ്പിക്കണം.
ഓർഡർ ഓഫ് ഓസ്‌ട്രേലിയ പുരസ്കാരത്തിനായുള്ള നോമിനേഷനുകൾ ഓണേഴ്സ് ആൻറ് അവാർഡ്സ് സെക്രട്ടറിയേറ്റിലാണ് ആദ്യം എത്തുക.
സെക്രട്ടറിയേറ്റിൽ നോമിനേഷൻ കിട്ടികഴിഞ്ഞാൽ ഇത് വ്യക്തമാക്കുന്ന ഒരു റസീറ്റ് നോമിനേഷൻ സമർപ്പിച്ചയാൾക്ക് ലഭിക്കും.
അപേക്ഷ ലഭിക്കുന്ന ക്രമത്തിലാണ് സാധാരണയായി നോമിനേഷനുകൾ പരിഗണിക്കുക.
നോമിനേഷനിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനായി ബന്ധപ്പെട്ട് സമിതി വിശദമായി പരിശോധനകൾ നടത്തും.
കൂടാതെ, നോമിനേഷനെ പിൻതാങ്ങുന്നവരിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ സ്വീകരിക്കും.
ഇവരിൽ നിന്ന് സ്വീകരിക്കുന്ന വിവരങ്ങളും വിശദാശംങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് കൗൺസിൽ ഫോർ ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയക്ക് മുൻപിൽ എത്തുക.
കൗൺസിൽ ഫോർ ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയ എന്നത് ഒരു സ്വതന്ത്ര ഉപദേശക സമിതിയാണ്.
രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്നും വിവിധ വിഭാഗങ്ങളിൽ നിന്നുമുള്ള പത്തൊൻപത് അംഗങ്ങളാണ് കൗൺസിൽ ഫോർ ദി ഓർഡർ ഓഫ് ഓസ്‌ട്രേലിയയിലുള്ളത്.
ഈ സമിതിയാണ് റിപ്പോർട്ടുകൾ പരിഗണിച്ച് ആർക്കൊക്കെ ബഹുമതി നൽകണമെന്ന് ഗവർണർ ജനറലിന് ശുപാർശ നൽകുന്നത്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിന് പതിനെട്ട് മാസത്തിനും രണ്ട് വർഷത്തിനും ഇടയിൽ സമയമെടുക്കാറുണ്ടെന്നാണ് ഗവർണർ ജനറലിൻറെ ഓഫീസ് പറയുന്നത്.