സീൻ: ക്ലൈമാക്സ്
(സയനൈഡ് കൊലക്കേസിന്റെ വിചാരണയ്ക്കിടെ വിക്ടോറിയൻ സുപ്രീം കോടതിയിൽ പ്രോസിക്യൂഷൻ പ്രദർശിപ്പിച്ച വീഡിയോയിലെ അവസാന രംഗമാണ് ഇത്)
തീയതി: 2016 ഓഗസ്റ്റ് 18
സ്ഥലം: മെൽബൺ നഗരത്തിലെ യാരാ നദിക്കരയിലുള്ള ഹിൽട്ടൻ ഹോട്ടലിലെ ഒരു മുറി.
മുറിക്കുള്ളിൽ അരുൺ കമലാസനനും, നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും.
സുഹൃത്തുക്കളെ പോലെ ഒരുമിച്ചിരുന്ന് സംസാരിക്കുകയാണ് എല്ലാവരും.
സാം എബ്രഹാമിന്റെ വീട്ടിലേക്ക് എങ്ങനെയാണ് രാത്രിയിൽ കടന്നുകയറിയതെന്ന് അരുൺ കമലാസനൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഒരു പേപ്പറിൽ വരച്ചു കാട്ടുന്നു.
സാമിനും, ഭാര്യ സോഫിയയ്ക്കും, അവരുടെ മകനും കഴിക്കാനായി ഉണ്ടാക്കിവച്ചിരുന്ന അവൊക്കാഡോ ഷേക്കിൽ എങ്ങനെ ഉറക്കമരുന്ന് കലർത്തിയെന്നും, പിന്നീട് മയങ്ങിക്കിടന്ന സാം എബ്രഹാമിന്റെ വായിലേക്ക് സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് എങ്ങനെ ഒഴിച്ചുനൽകിയെന്നും അരുൺ കമലാസൻ വിശദമായി പറയുന്നു.
“I took that guy off”
ഈ മുറിയിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് അരുൺ കമലാസനൻ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഈ സംഭാഷണം നടന്നതിനു പിന്നാലെയാണ് അരുൺ കമലാസനനെയും, സോഫിയ സാമിനെയും അറസ്റ്റ് ചെയ്യുന്നത്. സാം എബ്രഹാമിന്റേത് ഒരു കൊലപാതകമായിരുന്നുവെന്ന് ആദ്യമായി പുറംലോകം അറിയുന്നതും.
സയനൈഡ് കൊലക്കേസിൽ സോഫിയ സാമിനെ 22 വർഷത്തേക്കും, കാമുകൻ അരുൺ കമലാസനനെ 27 വർഷത്തേക്കുമാണ് . അരുണിന്റെ ശിക്ഷ പിന്നീട് അപ്പീൽ കോടതി 24 വർഷമായി കുറച്ചിരുന്നു.

Sofia Sam (left) Arun Kamalasanan (right) entering a prison transfer van after appearing in the Court of Appeal in Melbourne on Thursday, June 21, 2108. Source: AAP
ഹൃദയാഘാതം മൂലമുള്ള മരണം എന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിശ്വസിച്ചിരുന്ന ഒരു സംഭവം. അത് കൊലപാതകമാണെന്ന് എങ്ങനെയാണ് കണ്ടെത്തിയത്? മുഖ്യപ്രതി എന്തുകൊണ്ടാണ് വേഷപ്രച്ഛന്നരായെത്തിയ അന്വേഷണ ഉദ്യോഗസ്ഥരോട് മനസു തുറന്നതും കൊല നടത്തിയ രീതി വിശദീകരിച്ചതും?
ആ അന്വേഷണത്തിന്റെ വിശദാംശങ്ങളാണ് ഇവിടെ.
സാമിന്റെ മരണം: ഒരു ഫ്ലാഷ് ബാക്ക്
2015 ഒക്ടോബർ 14നാണ് സാം എബ്രഹാമിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതിന് തൊട്ടടുത്ത ദിവസം, ഒക്ടോബർ 15ന്, ഇതേക്കുറിച്ച് വിക്ടോറിയ പൊലീസിലെ നരഹത്യാ സ്ക്വാഡ് അന്വേഷണം തുടങ്ങിയിരുന്നു.
സാമിന്റെ ഏറ്റവും അടുത്ത ബന്ധുക്കളെ പോലും മരണകാരണം അറിയിക്കരുത് എന്നായിരുന്നു നരഹത്യാസ്ക്വാഡ് മറ്റു വകുപ്പുകൾക്ക് നൽകിയ നിർദ്ദേശം.
2015 ഒക്ടോബർ 16 മുതൽ 2016 ജൂലൈ 22 വരെ അഞ്ചു തവണ സോഫിയ സാം മരണകാരണം തേടി കൊറോണർ കോടതിയെ വിളിച്ചെങ്കിലും, അത് വ്യക്തമായിട്ടില്ല എന്ന് അവർ മറുപടി നൽകി.
അതിനിടയിൽ, സയനൈഡ് ഉള്ളിൽച്ചെന്നാണ് സാം മരിച്ചതെന്ന് 2015 നവംബർ 12ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഇതോടെ അന്വേഷണം രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി.
നവംബർ 25നാണ് "നമ്പർ xx" എന്ന കോഡിൽ അറിയപ്പെടുന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയത്.
സോഫിയ സാമിനെ നിരീക്ഷിക്കുക എന്നതായിരുന്നു ഇതുപോലെ കോഡ് നമ്പരുകളിലുള്ള നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതല.
സോഫിയ സാമിനെ രഹസ്യമായി പിന്തുടർന്ന ഈ ഡിറ്റക്ടീവ്, സോഫിയയും അരുൺ കമലാസനനുമായി പല തവണ കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പകർത്തി.
ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും, കാറിൽ സോഫിയയുടെ വീട്ടിലേക്ക് പോകുന്നതുമെല്ലാം ചിത്രങ്ങളിൽ പതിഞ്ഞപ്പോഴാണ് അന്വേഷണം അരുൺ കമലാസനനിലേക്ക് നീണ്ടത്.
തുടർന്ന് മൂന്നു ഡസനിലേറെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ പല വേഷങ്ങളിലും പല പേരുകളിലുമായി അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്.

Source: Supplied
വേഷം മാറി ഡിറ്റക്ടീവുകൾ; വലയിൽ കുടുങ്ങി അരുൺ
അരുൺ കമലാസനനെക്കുറിച്ച് സംശയം തോന്നിയതോടെ അന്വേഷണത്തിന്റെ ചുമതല വേഷപ്രച്ഛന്നരായി എത്തിയ ഡിറ്റക്ടീവുകൾ ഏറ്റെടുത്തു.
അരുൺ കമലാസനനുമായി സൗഹൃദത്തിലെത്തുക, വിശ്വാസം പിടിച്ചുപറ്റുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.
ഡാൻ* എന്ന പേര് സ്വീകരിച്ച ഒരുദ്യോഗസ്ഥനായിരുന്നു അരുണിന്റെ സുഹൃത്താവാനുള്ള ചുമതല.
അരുണിന്റെ വീടിനു സമീപത്തുവച്ച് “സാന്ദർഭികമായി” ഇവർ കണ്ടുമുട്ടുന്നു. തന്റെ ബോസിന്റെ മകളെ കാണാനില്ലെന്നും, തേടിയിറങ്ങിയതാണെന്നും ഡാൻ അരുൺ കമലാസനനോട് പറയുന്നു. ആ പ്രദേശത്ത് തെരച്ചിൽ നടത്താൻ അരുണിന്റെ സഹായം തേടുകയായിരുന്നു ഡാൻ.
അടുത്ത അഞ്ചു മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള 37 സാഹചര്യങ്ങളാണ് ഈ ഈ ഡിറ്റക്ടീവുകൾ സൃഷ്ടിച്ചത്.
അരുണുമായി നടത്തിയ ഓരോ സംഭാഷണവും ഡാൻ രഹസ്യമായി റെക്കോർഡ് ചെയ്തു. ഈ സംഭാഷണങ്ങളെല്ലാം തെളിവായി പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
അരുണുമായി സൗഹൃദം സ്ഥാപിച്ച ഡാൻ, താൻ ഒരു ക്രിമിനൽ സംഘത്തിന്റെ ഭാഗമാണ് എന്നാണ് അരുണിനോട് പറഞ്ഞത്.
പതിയെ പതിയെ അരുണിനെയും ഡാൻ ഈ സംഘത്തിന്റെ ഭാഗമാക്കി.
ജോ* എന്നാണ് സംഘത്തലവന്റെ പേരെന്നും, ജോയ്ക്ക് പണം കൊടുക്കാനുള്ളവരിൽ നിന്ന് അത് പിരിച്ചെടുക്കാൻ കൂടെ ചെല്ലാനുമായിരുന്നു ഡാൻ ആദ്യം അരുണിനെ ക്ഷണിച്ചത്.


200 ഡോളറായിരുന്നു അരുണിന് പ്രതിഫലമായി ആദ്യ ഓപ്പറേഷനുകളിൽ നൽകിയത്.
മറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നെയായിരുന്നു പണം നൽകാനുള്ളവരായും, കടംവാങ്ങിയവരായുമെല്ലാം ഈ “സീനുകളിൽ അഭിനയിച്ചത്.”
ആദ്യഘട്ടത്തിൽ ഇത്തരത്തിലെ പണപ്പിരിവായിരുന്നുവെങ്കിൽ, പിന്നീട് അത് ക്രിമിനൽ നടപടികളായി.
പണം തിരികെ നൽകാൻ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുക, അവരുടെ കാറ് പിടിച്ചെടുക്കുക, ബ്ലാക്ക്മെയിൽ ചെയ്യുക തുടങ്ങിയ നടപടികളിലേക്ക് കടന്നു. “സംഘത്തിലെ കൂടുതൽ അംഗങ്ങളെ” അരുൺ കാണുകയും പരിചയപ്പെടുകയും, മദ്യപാന സദസുകളിൽ കൂടുകയും ചെയ്തു.
ഇതെല്ലാം വേഷം മാറിയ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ തന്നെയായിരുന്നു. ഓരോ രംഗങ്ങളുടെയും ശബ്ദമോ ദൃശ്യമോ രഹസ്യമായി അവർ പകർത്തി.
അത് പിന്നീട് മയക്കുമരുന്ന് കടത്തിലേക്കും നീണ്ടു. മയക്കുമരുന്ന് എന്ന പേരിൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നൽകിയ ഗുളികകളായിരുന്നു അരുണും ഡാനും ചേർന്ന് “കടത്തിയത്”.
എന്തു പ്രശ്നമുണ്ടായാലും രക്ഷിക്കാൻ തക്ക സ്വാധീനമുള്ളയാളാണ് സംഘത്തലവൻ ജോ എന്ന പ്രതീതിയാണ് ഇത്തരം ഓപ്പറേഷനുകളിലൂടെ ഡാൻ ഉണ്ടാക്കിയെടുത്തത്.
ഡാനിനെ പൂർണവിശ്വാസത്തിലെടുത്ത അരുൺ, സയനൈഡ് എന്നവകാശപ്പെട്ട് ഒരു പൊടി സൂക്ഷിക്കാൻ ഏൽപ്പിച്ചു.
താൻ മുമ്പ് ചെയ്ത ഒരു കാര്യത്തിന്റെ പേരിൽ പൊലീസ് അന്വേഷിച്ചു വരാൻ സാധ്യതയുണ്ട് എന്നു പറഞ്ഞായിരുന്നു ഇത് ഡാനിന്റെ കൈവശം നൽകിയത്.
അതിനിടെ ഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസയിൽ നിന്ന് പെർമനന്റ് റെസിഡൻസിയിലേക്ക് മാറാനുള്ള ശ്രമങ്ങളെക്കുറിച്ചും അരുൺ ഡാനിനോട് സംസാരിച്ചു. ഇതായിരുന്നു അന്വേഷണം അവസാന ഘട്ടത്തിലേക്കെത്തിക്കാൻ അന്വേഷണോദ്യോഗസ്ഥർക്ക് കിട്ടിയ പിടിവള്ളി.
കുടിയേറ്റ കാര്യവകുപ്പിലെ ഉദ്യോഗസ്ഥൻ എന്ന പേരിൽ മറ്റൊരു ഡിറ്റക്ടീവിനെ അവർ എത്തിച്ചു. അരുണിന്റെ PR അപേക്ഷ പൂരിപ്പിച്ചുവാങ്ങിയ ഈ “ഉദ്യോഗസ്ഥൻ”, അക്കാര്യം ശരിയാക്കാം എന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്.
അന്വേഷണം ക്ലൈമാക്സിലേക്ക്
അരുണാണ് സാം എബ്രഹാമിന്റെ കൊലപാതകത്തിന് പിന്നിലെന്ന് ഇതിനകം വ്യക്തമായ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, അന്വേഷണം പൂർത്തിയാക്കാനുള്ള പദ്ധതി തയ്യാറാക്കുന്നു.
2016 ഓഗസ്റ്റ് 18ന് തെക്കുകിഴക്കൻ വിക്ടോറിയയിലെ വറാഗലിൽ മയക്കുമരുന്ന് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പണം പിരിക്കാനായി ഡാനും അരുണും ഒരുമിച്ച് പോകും എന്നാണ് പദ്ധതി.
ഈ യാത്രക്കിടെ ഡാനിന്റെ ഫോണിലേക്ക് സംഘത്തലവൻ ജോയുടെ കോൾ വരുന്നു.
അരുണിന്റെ PR അപേക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നമുണ്ടെന്ന് ജോ അറിയിച്ചതായാണ് ഡാൻ പറഞ്ഞത്. അരുണിനെതിരെ പൊലീസ് തെരച്ചിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും, ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അരുണിനെ തേടുന്നു എന്നുമായിരുന്നു ഈ സന്ദേശം. PR അപേക്ഷയുടെ നടപടിക്രമങ്ങൾക്കിടെ കുടിയേറ്റകാര്യവകുപ്പ് ഉദ്യോഗസ്ഥൻ ജോയെ അറിയിച്ചതാണ് ഇതെന്നും ഡാൻ പറഞ്ഞു.
എത്രയും വേഗം തിരിച്ചെത്തി ജോയോട് സംസാരിച്ച് ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കണം എന്നാണ് ഡാൻ നിർദ്ദേശിച്ചത്.
തുടർന്ന് കാറിലെ മടക്കയാത്രയിലാണ് അരുൺ കമലാസനൻ കൊലപാതകത്തിന്റെ വിശദാംശങ്ങളെല്ലാം വെളിപ്പെടുത്തുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് സോഫിയ സാമിന് അതേക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, എന്നാൽ താൻ പിന്നീട് എല്ലാം പറഞ്ഞു എന്നും ഡാൻ രഹസ്യമായി റെക്കോർഡ് ചെയ്ത സംഭാഷണത്തിൽ അരുൺ പറയുന്നു.
മെൽബണിലെ ഹിൽട്ടൻ ഹോട്ടലിൽ (ഇപ്പോൾ പുൾമാൻ ഹോട്ടൽ) ജോയെ കാണാനായി മുറിയിലെത്തിയ അരുൺ, അവിടെ വച്ച് എങ്ങനെയാണ് താൻ സാമിന്റെ വീട്ടിലേക്ക് കടന്നുകയറിയതെന്നും, കൊലപാതകം നടത്തിയതെന്നും വരച്ചുകാണിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും, ശബ്ദ റെക്കോർഡിംഗുമാണ് ജൂറി വിചാരണയിൽ കൊലപാതകത്തിന്റെ ഏറ്റവും പ്രധാന തെളിവായി മാറിയത്.
സോഫിയയുടെ പങ്ക്
സോഫിയ സാമിന് ഇക്കാര്യം അറിയില്ലായിരുന്നു എന്ന അരുണിന്റെ വീഡിയോയിലെ വാദം പിന്നീട് കോടതിയിൽ പ്രോസിക്യൂഷൻ ഖണ്ഡിച്ചു. അരുണും സോഫിയയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമായിരുന്നു കൊലപാതകം എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചത്.
ഇവരുടെ തെളിവായി ഹാജരാക്കിയാണ് പൊലീസ് ഇക്കാര്യം തെളിയിച്ചത്.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)
* രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ച പേരുകളും നമ്പരും ഒഴിവാക്കി, മറ്റു പേരുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്.